sudhakaran,-thomas-issac
ആലപ്പുഴ: പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെ തുടർന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. പ്രളയം കഴി‍ഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് പമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. നവകേരള നിർമാണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ലോട്ടറി പുറത്തിറക്കുന്ന ചടങ്ങിൽ തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സുധാകരന്റെ വിമർശനം.  

കൈനകരിയിലും കുട്ടനാട്ടിലും കുറച്ച്കൂടി ജാഗ്രതയോടെ കാര്യങ്ങൾ നടത്തേണ്ടതുണ്ട്. പാടശേഖരങ്ങളിലെ പമ്പിംഗ് തുടങ്ങാത്തതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല. അസാദ്ധ്യമായത് സാദ്ധ്യമാക്കിയ ഒരു ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാൻ ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടോയെന്നതാണ് ചോദ്യം. ചോദിച്ചു. ഇതിനൊക്കെ പണം നൽകുന്ന അധികാരികൾ ഇക്കാര്യങ്ങൾ പരിശോധിച്ചാൽ നന്നായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ പമ്പിംഗിലെ തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. കുടിവെള്ളം കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി മറുപടി പയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറിയതിനെ തുടർന്ന് പമ്പുകൾ കൂട്ടത്തോടെ കേടായിട്ടുണ്ട്. അവ നന്നാക്കിയെടുക്കാൻ ഒരാഴ്ച കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയബാധിതർക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.