western-ghat
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോല മേഖലയിൽ മാറ്റം വരുത്തരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്  കേന്ദ്ര സർക്കാർ തള്ളി. ഇതോടൊപ്പം കസ്തൂരി രംഗൻ ശുപാർശകളിൽ മാറ്റം വരുത്തിയിറക്കിയ കരട് വിജ്ഞാപനത്തിനും കേന്ദ്രം അംഗീകാരം നൽകി. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് അതേപടി നടപ്പാക്കാനാകില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കസ്തൂരി രംഗൻ റിപ്പോർട്ടിനോട് എതിർപ്പുകൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ ആ എതിർപ്പുകൾ കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ഉന്നയിച്ച ആക്ഷേപങ്ങൾ എല്ലാം തന്നെ കേന്ദ്രം അതേപടി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമോപദേശം തേടി.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോടെ 4452 ചതുരശ്ര കിലോമീറ്ററിലുള്ള ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലകളിൽ ഒഴിവായി. പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച പ്രദേശങ്ങളിൽ ഇളവ് നൽകിയാണ് കസ്തൂരി രംഗൻ സമിതി ശുപാർശ നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച് 2013ൽ  കരട് വിജ്ഞാപനം ഇറങ്ങിയിരുന്നു. എന്നാൽ. വിജ്ഞാപനത്തിൽ കേന്ദ്രം ഇപ്പോൾ ഭേദഗതി വരുത്തിയതോടെ പരിസ്ഥിതി ലോല വില്ലേജുകൾ 94 ആയി ചുരുങ്ങും,

പുതിയ ക്വാറികൾക്ക് അനുമതിയില്ല
അതേസമയം, കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകുന്നതും ഖനനവും വിദഗ്ദ്ധ സമിതി നിരോധിച്ചു. ഖനനവും ക്വാറികളുടെ പ്രവർത്തനവും കേരളത്തിൽ പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. ഖനനത്തിനുള്ള അപേക്ഷകളൊന്നും തന്നെ ഇപ്പോൾ സ്വീകരിക്കേണ്ടെന്നും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചു.  കേരളത്തിലെ ഖനനത്തെ കുറിച്ചുള്ള സമഗ്ര റിപ്പോർട്ടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.