rat-fever

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് പേർ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനിൽ കുമാ‌ർ, വടകര സ്വദേശി നാരായണി, കല്ലായ് അശ്വിനി ഹൗസിൽ രവി, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ ആഗസ്‌റ്റ് 20 മുതൽ എലിപ്പനി ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49 ആയി.

അതേസമയം, പ്രതിരോധ മരുന്ന് കഴിക്കാത്തതാണ് എലിപ്പനി കൂട്ടിയതെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും ജനങ്ങൾ നി‌ർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കെ.കെ ശെെലജ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

പ്രളയശേഷം പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതായി സൂചന നൽകി സംസ്ഥാനത്ത് എട്ട് പേ‌ർ ഇന്നലെ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.