hareesh-vasudevan

തിരുവനന്തപുരം: ഡാം സേഫ്‌റ്റി അതോറിറ്റി ചെയർമാൻ ജസ്‌റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ.  ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച അധികാര സ്ഥാനത്ത് ജസ്‌റ്റിസ്. സി.എൻ.ആറിനെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്‌മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം സുരക്ഷാ വിഷയത്തിൽ അവഗാഹമുള്ള, മലയാളിയുടെ ജീവനോട് കുറച്ചുകൂടി മാനുഷിക പരിഗണനയും മനുഷ്യപ്പറ്റും ഉള്ള ആരെയെങ്കിലുമാണോ നിയമിക്കേണ്ടത് എന്ന് മലയാളി ഇനിയെങ്കിലും തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർ‌ണരൂപം

ഈ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ കേരളം ഇനി ചുമക്കേണ്ടതുണ്ടോ?

എൻഡോസൾഫാൻ ഹെലികോപ്റ്ററിൽ തളിക്കുമ്പോൾ ജനങ്ങൾ മാറി നിന്നാൽ മതിയായിരുന്നു എന്ന് പറഞ്ഞു ഇരകളെ അപമാനിച്ച സി.എൻ രാമചന്ദ്രൻ നായരെന്ന റിട്ട. ജഡ്‌ജിയെ ഓർമ്മയില്ലേ? പശ്ചിമഘട്ടത്തിൽ പാറമടകൾ ഇനിയും കൂടുതൽ വന്നില്ലെങ്കിൽ പരിസ്ഥിതിക്ക് ആപത്താണെന്നു പറയുന്ന ആളാണ് അദ്ദേഹം. നദികളിലെ മണൽ ഇനിയും വാരണമെന്നു അഭിപ്രായമുള്ള ആൾ.

പതിവുപോലെ തന്റെ സ്വതസിദ്ധമായ മണ്ടത്തരങ്ങളും അബദ്ധങ്ങളും ആധികാരികമാണെന്ന മട്ടിൽ പറഞ്ഞു ജസ്റ്റിസ്. സി.എൻ.ആർ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. പ്രകൃതിയെ പൂർണ്ണമായി മെരുക്കണമെന്നും പരിസ്ഥിതി വാദികളുടെ വാക്കുകൾ കേട്ടാൽ കേരളം ശിലായുഗത്തിലേക്ക് തിരിച്ചുപോകും എന്നൊക്കെയാണ് പത്രത്തിൽ അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ. ദുരന്തത്തിൽ സർക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കഴിഞ്ഞയാഴ്ച തന്നെ അദ്ദേഹം ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളുടെ പ്രവർത്തനവും സുരക്ഷയും സംബന്ധിച്ച ഏക നിയമനിർമ്മിത അധികാരിയായ 'ഡാം സേഫ്റ്റി അതോറിറ്റി' ചെയർമാനാണ് ഇപ്പോൾ അദ്ദേഹം. ഈ ദുരന്തത്തിൽ ആ അതോറിറ്റിയുടെ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കപ്പെടുമോ എന്ന പേടി കൊണ്ടാണോ ആവോ ഇമ്മാതിരി മണ്ടത്തരങ്ങൾ പറഞ്ഞു അദ്ദേഹം പരസ്യമായി രംഗത്ത് വരുന്നത് !!

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ അദ്ദേഹം ഒരുപടി കൂടി കടന്നു പറഞ്ഞു. ഡാമുകളുടെ സുരക്ഷ മാത്രമാണ് തന്റെ ഉത്തരവാദിത്തം. ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും ഒരു കാര്യവുമില്ല. പ്രളയം വന്നാൽ ഒന്നും ചെയ്‌തിട്ട് കാര്യമില്ല. ഡാം തുറന്നുവിട്ടതല്ല വെള്ളം പൊങ്ങാൻ കാരണം !!

ഷട്ടർ സ്‌തംഭിച്ചു പൊട്ടുമെന്ന് ഭയന്ന് ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്റെ കുരുതിക്കളം ആയി മാറിയേക്കാവുന്ന രീതിയിൽ നിന്ന പെരിങ്ങൽക്കുത്ത് ഡാമിനെപ്പറ്റി തനിക്ക് അധികം അറിയില്ല !! മരം വന്നു ബ്ലോക്കായി ! പൊട്ടിയില്ലലോ !!

നൂറുകണക്കിന് മനുഷ്യരുടെ ജീവിതം തകർത്ത, ആയിരക്കണക്കിന് മനുഷ്യരെ നിരാലംബർ ആക്കിയ, പതിനായിരക്കണക്കിന് മനുഷ്യരെ മരണമുഖത്ത് നിർത്തിയ ഒരു ദുരന്തത്തെപ്പറ്റി എത്ര ലാഘവത്തോടെ, എത്ര നിരുത്തരവാദിത്തത്തോടെ, അതിലും എത്രയോ പുച്ഛത്തോടെ ഈ അസംബന്ധങ്ങൾ എഴുന്നള്ളിക്കാൻ ഈ മനുഷ്യനെ ധൈര്യപ്പെടുത്തുന്നത് എന്താണ് !!

ഇതാണ് ഡാം സേഫ്‌റ്റി അതോറിറ്റിയുടെ വിവരത്തിന്റെ നിലവാരമെങ്കിൽ ആ അതോറിറ്റി പിരിച്ചുവിടണം എന്ന് ആ നിയമത്തിനു തന്നെ ചുക്കാൻ പിടിച്ച ശ്രീ.പ്രേമചന്ദ്രൻ എം.പി ചർച്ചയിൽ തുറന്നു പറഞ്ഞു.

മലയാളികളുടെ തലയ്‌ക്ക് മുകളിൽ ജലബോംബുകളായി പണിത്തുവെച്ച മുപ്പതിലധികം ഡാമുകൾ, നന്നായി പരിപാലിച്ചാൽ വൈദ്യുതിയും ജലവും വെള്ളപ്പൊക്ക നിയന്ത്രണവും ഒക്കെ തരാനാകുന്ന ഈ ഡാമുകൾ, ഇതിന്റെ സുരക്ഷയെ സംബന്ധിച്ച നിർണായക അധികാര സ്ഥാനത്ത് ജസ്റ്റിസ്. സി.എൻ.ആറിനെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം സുരക്ഷാ വിഷയത്തിൽ അവഗാഹമുള്ള, മലയാളിയുടെ ജീവനോടു കുറച്ചുകൂടി മാനുഷിക പരിഗണനയും മനുഷ്യപ്പറ്റും ഉള്ള മറ്റു ആരെയെങ്കിലുമാണോ നിയമിക്കേണ്ടത് എന്ന് മലയാളി ഇനിയെങ്കിലും തീരുമാനിക്കണം. ഇതിൽ കക്ഷി രാഷ്ട്രീയമില്ല. ഇത് നമ്മുടെ ജീവന്റെ പ്രശ്‌നമാണ്. ഇത്തരം റിട്ടയേഡ് ജഡ്‌ജിമാർക്ക് നേരമ്പോക്കിനുള്ള പണിയല്ല ഇത്. കാര്യഗൗരവമുള്ള എത്രയോ റിട്ട ജഡ്‌ജി‌മാർ നമുക്കുണ്ട്. എന്തുകൊണ്ട് ഈ ജോലി അവരെ ഏല്പിച്ചുകൂടാ?

അഭിപ്രായത്തോട് യോജിപ്പാണെങ്കിൽ നിങ്ങൾ നിങ്ങളുടെ എം.എൽ.എമാരോടോ മന്ത്രിമാരോടോ ഇമെയിലിലൂടെയോ കത്തിലൂടെയോ ഈ കാര്യം ആവശ്യപ്പെടുമോ??

അഡ്വ.ഹരീഷ് വാസുദേവൻ.