പന്തളം: മൂന്ന് പ്രളയം കണ്ട തമ്പുരാട്ടിയാണിത്. പന്തളം കൊട്ടാരത്തിലെ മകംനാൾ തന്വംഗി തമ്പുരാട്ടി. മൂന്നാമത്തെ പ്രളയത്തിൽ ''ആർക്കും പമ്പയാറ് കടന്നുപോകാൻ കഴിഞ്ഞില്ല. നിറപുത്തരിക്കും ഓണപൂജയ്ക്കും തുടർന്നും ശബരിമലയിൽ ശാന്തിക്കാരൻ മാത്രം. പാലം പോലും മുങ്ങിപ്പോയില്ലേ....'' തമ്പുരാട്ടി ഓർക്കുന്നു.
ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. 1979ലെ വെള്ളപ്പൊക്കത്തിൽ ശബരിമലയിലേക്കു ഭക്തർക്കു പോകാൻ കഴിഞ്ഞിരുന്നു. 99ലെ(കൊല്ലവർഷം 1099) വലിയ വെള്ളപ്പൊക്കത്തിലും അതിനു വിഘ്നമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ എല്ലാം മുടങ്ങി.'' വരുന്ന മേടത്തിലെ മകം നാളിൽ നൂറുവയസ് പൂർത്തിയാകുന്ന തന്വംഗി പറഞ്ഞു.
ഭീകരമായിരുന്നു 99(1924)ലെ പ്രളയം. മുറ്റംവരെ വെള്ളമെത്തിയപ്പോൾ പേടിച്ചുപോയി. 'പേടിക്കേണ്ട' എന്ന് ആരോ പറഞ്ഞതായി ഉള്ളിൽ കേട്ടു. ഇത്തവണയും കേട്ടു, 'പേടിക്കേണ്ട' എന്ന ഉൾവിളി.
'' ഏറ്റവും ഒടുവിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിൽ പമ്പയാറ് ഗതിമാറി ഒഴുകുമെന്നും പ്രളയം ഉണ്ടാകുമെന്നും കണ്ടിരുന്നു. അതിനു പരിഹാരങ്ങളിലൊന്നായി ചില പൂജകൾ ചെയ്യണമെന്നും പറഞ്ഞിരുന്നു. അതെല്ലാം ചെയ്തു. എന്നിട്ടും...''
ഇതുവരെ ഇങ്ങനെയൊന്നുമുണ്ടായിട്ടില്ല. യുവതികൾ ശബരിമല ക്ഷേത്രത്തിൽ കയറാൻ പാടില്ല. 41 ദിവസത്തെ ഭജനമിരുന്നുവേണം മല ചവിട്ടാൻ. എന്തിന് ഈ ആചാരങ്ങൾ തെറ്റിക്കണം തന്വംഗി തമ്പുരാട്ടി ചോദിക്കുന്നു.
നാട്ടിൽ ഇതിനുമുമ്പും വെള്ളപ്പൊക്കം ഉണ്ടായ കാര്യം തമ്പുരാട്ടിയുടെ മൂന്നാമത്തെ മകൻ രാജരാജവർമ്മയും (73) ഓർക്കുന്നു. വഞ്ചിയിൽ കയറി പന്തളം ജംഗ്ഷനിൽ പോയി ചായ കുടിച്ച ഓർമ്മയുണ്ട്. പക്ഷേ, ഇത്രയും ഭീകരത ഇപ്പോഴാണ്. കെട്ടിടങ്ങൾ കൂടിയതും പ്രകൃതിയുടെ ഹിതം നോക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതുമാണ് കാരണമെന്ന് അദ്ദേഹം പറയുന്നു.
തമ്പുരാട്ടിയുടെ കരുത്ത്
തന്വംഗി തമ്പുരാട്ടി എന്നും രാവിലെ ആറിന് ഉണരും. സ്വന്തമായി പാചകം ചെയ്യും. ഇഡലിയോ ദോശയോ പ്രഭാതഭക്ഷണം. പരിചാരകരൊന്നുമില്ല. സ്വന്തമായി വിളമ്പി കഴിക്കും. ഉച്ചയ്ക്ക് ഊണ്. എന്നും പത്രം വായിക്കും. സന്ധ്യയ്ക്ക് രാമായണമോ, ഭാഗവതമോ വായിക്കും. വൈകിട്ട് ആഹാരം കഴിഞ്ഞ് ടി.വി കാണും. സീരിയൽ കാണില്ല. വാർത്ത, സിനിമ ഇതൊക്കെയാണ് ഇഷ്ടം. അടുത്തകാലത്ത് ഒന്നു വീണു കാലൊടിഞ്ഞു. ഒരുവടി സഹായവുമായാണ് നടത്തം.
മക്കൾ: രാമവർമ്മരാജ, കേരളവർമ്മ രാജ, രാജരാജവർമ്മ, രാഘവവർമ്മ, രവിവർമ്മ.