തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രളയം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ താളം തെറ്റിച്ചു. ബഡ്ജറ്റിൽ വിഭാവനം ചെയ്ത വികസനപദ്ധതികളും ബഡ്ജറ്റിന് പുറത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട കിഫ്ബി പദ്ധതികളും ഇതോടെ അനിശ്ചിതത്വത്തിലായി. സംസ്ഥാന സർക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതികളിലൊന്നായ മലയോര ഹൈവേ നിർമ്മാണം നടപ്പാക്കുന്നതിന് ഇനി പുതിയ സമീപനം സ്വീകരിക്കേണ്ടിവരും. ഇത് പരിഗണിച്ച് ബഡ്ജറ്റിൽ നിർദ്ദേശിച്ച പദ്ധതികൾ വെട്ടിച്ചുരുക്കാനുളള ആലോചനയിലാണ് സർക്കാർ. വിവിധ വകുപ്പുകളിലൂടെ നടപ്പാക്കാനുദ്ദേശിച്ച പദ്ധതികളുടെ സാദ്ധ്യതാ റിപ്പോർട്ട് നൽകാൻ ധനകാര്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് പുതിയ നയസമീപനത്തിന് രൂപം നൽകും..
ജി.എസ്.ടി.യുടെ അശാസ്ത്രീയ നടത്തിപ്പും നോട്ട് പിൻവലിക്കലുണ്ടാക്കിയ സാമ്പത്തിക മാന്ദ്യവും മൂലം വായ്പയെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയിലായിരുന്നു പ്രളയത്തിന് മുമ്പത്തെ സംസ്ഥാനത്തിന്റെ ഗതി. വിഷവും ഓണവും കഴിഞ്ഞതോടെ വായ്പാലഭ്യതയുടെ പകുതിയും ഉപയോഗിച്ചുകഴിഞ്ഞു. ഇതിന് പുറമേയാണ് പ്രളയത്തിലൂടെ 30,000 കോടിയുടെ അധിക ബാദ്ധ്യത ഉണ്ടായത്. ജി.എസ്.ടി.മൂലം വിഭവസമാഹരണത്തിന് സംസ്ഥാനത്തിന് ഏറെ പരിമിതിയുണ്ട്. വായ്പാപരിധി കേന്ദ്രസർക്കാർ കൂട്ടിയില്ലെങ്കിൽ വൻപ്രതിസന്ധിയാണ് വരും നാളുകളിലുണ്ടാകുക. പ്രളയം വിദ്യാഭ്യാസം, ആരോഗ്യം, റോഡ് തുടങ്ങിയ സാമൂഹ്യമേഖലകളിലും കൃഷി, ടൂറിസം,വ്യാപാരം, വ്യവസായം തുടങ്ങിയ ഉത്പാദനമേഖലകളിലുമാണ് വൻനാശമുണ്ടാക്കിയത്. ബഡ്ജറ്റിലെ റവന്യുചെലവിൽ ശമ്പളചെലവുകൾ ഉൾപ്പെടുന്ന നോൺപ്ലാൻഫണ്ടിലൊഴികെയുള്ള എല്ലാ ചെലവുകളും വെട്ടിച്ചുരുക്കും.
നിയന്ത്രണങ്ങൾ.അനിവാര്യമല്ലാത്ത പദ്ധതികൾ ഉപേക്ഷിച്ചേക്കും
മൂലധനചെലവ് പുന: ക്രമീകരിക്കും
കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും
റവന്യുവിലെ പ്ളാൻ ചെലവുകൾ പുനർനിർമ്മാണത്തിനായി വകമാറ്റും
പദ്ധതിക്കുളള ഭരണാനുമതി നടപടികൾ ലഘൂകരിക്കും
നോൺ പ്ളാൻഫണ്ടിൽ ഭരണ ചെലവുകൾ കർശനമായി നിയന്ത്രിക്കും
നടപ്പ് ബഡ്ജറ്റിലെ വകയിരുത്തലുകൾ
മൂലധന ചെലവ് 24216കോടി
നോൺ പ്ളാൻ ചെലവ് 98470.46കോടി
പ്ളാൻ ചെലവ് 28622.99 കോടി
പുതിയ ധനസമാഹരണമാർഗങ്ങൾ
നവകേരള ലോട്ടറി
ബിവറേജസ് സെസ്
ജി.എസ്.ടി.ക്ക് മേൽ താത്കാലിക സെസ്
കേന്ദ്ര സഹായം
വിദേശ വായ്പ
കണ്ടെത്തേണ്ടത് 30000 കോടിരൂപ
''പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വികസനത്തിലും സാമ്പത്തിക ചെലവിലും അടിസ്ഥാനപരമായ പൊളിച്ചെഴുത്തലുകൾ വേണ്ടിവരും.പുതിയ കേരളം സൃഷ്ടിക്കാനുള്ള അവസരമെന്നനിലയിൽ കാര്യങ്ങളെ പോസിറ്റീവായി കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.
ടി.എം. തോമസ് ഐസക്ക്
ധനകാര്യമന്ത്രി