-flood
കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയെ ചൊല്ലി കാലാവസ്ഥ നിരീക്ഷരും പരിസ്ഥിതി പ്രവർത്തകരും രണ്ടുതട്ടിൽ. പ്രളയശേഷം കേരളം കാത്തിരിക്കുന്നത് വരൾച്ചയാണെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിക്കുമ്പോൾ തുലാമഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.പ്രളയശേഷം നദികളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്..ഇത് പ്രത്യേക കാലാവസ്ഥ പ്രതിഭാസമാണോയെന്ന സംശയത്തിലാണ് ജനങ്ങൾ. എന്നാൽ മലവെള്ളത്തോടൊപ്പം നദികളിലെ വെള്ളവും വേലിയിറക്കത്തിൽ സമുദ്രത്തിലേക്ക് പോയതും നദികളുടെ ആഴവും വീതിയും കൂടിയതുമാണ് ഈ മാറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു..

മഴ കുറഞ്ഞതോടെ ഭൂഗർഭജല റീചാർജിംഗ് കുറഞ്ഞിട്ടുണ്ട്. എന്നാൽ ബാക്കി കിടക്കുന്ന കാലവർഷവും വരാനിരിക്കുന്ന തുലാവർഷവും ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

 ആവാസവ്യവസ്ഥയിലും മാറ്റം
പ്രളയശേഷം കേരളത്തിലെ കാലാവസ്ഥയിലും ആവാസവ്യവസ്ഥയിലും ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. കിഴക്കൻ മേഖലയിലെ വ്യത്യസ്തമായ മണ്ണ് സമതല മേഖലകളിലെത്തിയിട്ടുണ്ട്. അതിലെ ജൈവവും അജൈവവുമായ ഘടകങ്ങളുടെ സ്വഭാവമെന്തെന്ന പഠനം നടന്നിട്ടില്ല. എക്കൽ മണ്ണിന് ദുർഗന്ധമുണ്ടെന്ന് പറയുന്നത് ഈ ധാതുക്കളുടേതാവാം. പകലത്തെയും രാത്രിയിലെയും അന്തരീക്ഷോഷ്മാവ് പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

 തുലാവർഷം കനിയണം
'ഈ മഴയിൽ പശ്ചിമഘട്ടത്തിൽ 300 ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതുവരെ ശേഖരിക്കപ്പെട്ട ഭൂഗർഭജലം ഉരുൾപൊട്ടി ഒലിച്ചുപോയിട്ടുണ്ടാകും. തുലാവർഷം നന്നായി കിട്ടിയില്ലെങ്കിൽ നേരിടാൻ പോകുന്നത് കൊടുംവരൾച്ചയാകും."

-ഡോ. സി.എം. ജോയി
പരിസ്ഥിതി പ്രവർത്തകൻ

 വരൾച്ചപ്പേടി വേണ്ട

'താങ്ങാവുന്നതിലേറെ വെള്ളം വന്നിടങ്ങളിലേ ഉരുൾപ്പൊട്ടിയിട്ടുള്ളു. കേരളത്തിൽ നൂറ്റാണ്ടിനിടെ കിട്ടിയ ശക്തമഴയാണ് കഴിഞ്ഞുപോയത്. കാലവർഷവും തുലാമഴയും ഇനിയും വെള്ളം തരും. വരൾച്ചാപേടി വേണ്ട. അതേസമയം തുലാമഴ ശക്തമായാൽ മറ്റൊരു വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത തള്ളാനാവില്ല"

-ഡോ.വി. ശിവാനന്ദൻ ആചാരി
കുസാറ്റ് പരിസ്ഥിതി പഠന

കാലവർഷം ശക്തമായതും പ്രളയമുണ്ടാക്കിയതും തുലാവർഷവുമായി ബന്ധപ്പെടുത്താനാവില്ല. തുലാവർഷത്തെ പസഫിക് സമുദ്രത്തിൽ ഫിലിപ്പൈൻസ് തീരത്തുണ്ടാകുന്ന ചുഴലിയും ന്യൂനമർദ്ദവും മുതൽ സമുദ്രോപരിതലത്തിലെ താപവ്യതിയാനങ്ങളുമൊക്കെയാണ് അതിനെ നിയന്ത്രിക്കുന്നത്. കാലവർഷത്തിന്റെ ഏറ്റക്കുറച്ചിലുകളോ, പ്രളയമോ, ഭൂമിയിലെ മറ്റ് പ്രതിഭാസങ്ങളോ തുലാവർഷത്തെ ബാധിക്കാനിടയില്ല.

ഡോ.സുദേവൻ
മുൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ
വകുപ്പ് ഡയറക്ടർ.