shop
ആലപ്പുഴ: അന്നവർ എസ്.ഡി.കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ഇന്നവർ അതേ കോളേജിന് മുന്നിലെ ദോശ കമ്പനി ഉടമകളും തൊഴിലാളികളുമാണ്. ദോശ ചുടുന്നത്  എം.ബി.എ ബിരുദധാരികളും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരുമായ എട്ടു പേർ. വൈകിട്ട് 6 ന് ദോശ കമ്പനി തുടങ്ങും. രാത്രി 12 മണിവരെ നീളും. ഉത്പാദനം 51 ഇനം ദോശകൾ. ബീഫ് ദോശ, ചിക്കൻ ദോശ, കൂത്തൾ ദോശ, ചെമ്മീൻ ദോശ, നെയ്മീൻ ദോശ, മൈസൂർ മസാല ദോശ, ഇഞ്ചിദോശ, കപ്പ ദോശ  മസാല ദോശ,  ഓംപ്‌ളേറ്റ് ദോശ, കടുക്ക ദോശ എന്നിവയാണ് പ്രധാന  ഇനങ്ങൾ.  സാദാ ദോശയ്ക്കും  ആവശ്യക്കാരേറെ. തക്കാളി, ജിന്റ് ഇല എന്നിവകൊണ്ടുള്ള ചമ്മന്തിയാണ് ദോശയുടെ കോമ്പിനേഷൻ. പിന്നെ സാമ്പാറും. എസ്.ഡി.കോളേജിലെ 2012   2015 ബി. എ കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ്  ബാച്ചിലെ  സി.ജെ.ജോസഫ്, മൺസൂർ നൗഷാദ്, റിഫാസ് റഷീദ്, ശ്രീറാം, അനുഅലക്സ്, ബിനു ശിശുപാൽ, ഗൗതം ജി.ശ്രീകുമാർ, ബാലു ഉത്തമൻ എന്നിവരാണ് ദോശ കമ്പനിക്കാർ.

പഠിക്കുമ്പോൾ ഇവർ   വൈകിട്ട് 6  മുതൽ രാത്രി 9 വരെ ബീച്ചിൽ ഒത്തുചേരുമായിരുന്നു. മടങ്ങുന്നത് തട്ടുദോശയും കഴിച്ച്. ഈ ദോശ പ്രേമികളുടെ നാവിൽ നിന്ന് പഠനം കഴിഞ്ഞിട്ടും അതിന്റെ രുചി മാറാതെ നിന്നു. ദോശ കമ്പനിയുടെ തുടക്കം അങ്ങനെയായിരുന്നു. ആഗസ്റ്റ് 22നാണ്  ദോശക്കട തുറന്നത്. ചുട്ടത് 10,000 ദോശ. എണ്ണം കിറുകൃത്യം. അതുപോലെ തന്നെ ദോശയുടെ രുചിയും. മുളക്,മല്ലി,മസാലക്കൂട്ട്  എന്നിവ  പൊടിച്ചെടുത്താണ് ഉപയോഗിക്കുന്നത്. 50 ലിറ്റർ മാവിന്റെ ദോശ ദിവസവും വില്ക്കുന്നു.