നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മിഖായേലിൽ മഞ്ജിമ മോഹൻ നായികയാകുന്നു. ഒരു വടക്കൻ സെൽഫിയിൽ നിവിന്റെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹൻ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാളത്തിലഭിനയിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ അച്ചം എൺപത് മടമെയെടാ എന്ന ചിത്രത്തിലൂടെ മഞ്ജിമ തമിഴിലും നായികയായി അരങ്ങേറിയിരുന്നു. ശാന്തികൃഷ്ണ, അശോകൻ തുടങ്ങിയവരും മിഖായേലിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന മിഖായേലിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എറണാകുളത്ത് തുടങ്ങി. കോഴിക്കോടാണ് മറ്റൊരു ലൊക്കേഷൻ.