കൊച്ചി: സഹജീവികൾ ആപത്തിൽപ്പെട്ട് ഉഴലുമ്പോൾ സുഖസൗകര്യം ഉപേക്ഷിച്ച് അവരുടെ കണ്ണീരൊപ്പാനൊരുങ്ങി കർത്താവിന്റെ ഇടയൻ.ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഒന്നരക്കൊല്ലം മുമ്പ് 24 ലക്ഷം രൂപ മുടക്കി വാങ്ങിയ ഇന്നോവ കാർ വിറ്റ് ആ പണം പ്രളയബാധിതർക്ക് നൽകും. മുമ്പ് ഉപയോഗിച്ച് ഒതുക്കിയിട്ട പഴഞ്ചൻ മാരുതിയിൽ മതി ഇനിയുള്ള യാത്രകളെന്നും തീരുമാനിച്ചു.
കാർ വിറ്റു ലഭിക്കുന്ന തുക വീടു നിർമ്മാണം, പുനരധിവാസം എന്നിവയ്ക്ക് ചെലവഴിക്കും. ഒ.എൽ.എക്സ് ആപ്പിൽ കാറിന്റെ വിശദ വിവരങ്ങൾ നൽകി. നേരിട്ട് വന്ന് വില പറയാൻ എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തെ ആർച്ച് ബിഷപ്പ് ഹൗസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കാർ പ്രദർശിപ്പിക്കും. അതിരൂപത ഫിനാൻസ് അഡ്മിനിസ്‌ട്രേറ്റർക്കാണ് വില്പനച്ചുമതല. അടുത്ത തിങ്കളാഴ്ച വരെയാണ് സമയം. കാരുണ്യ പ്രവൃത്തിക്കായതിനാലും ആർച്ച് ബിഷപ്പിന്റേതായതിനാലും വാങ്ങിയതിനെക്കാൾ ഉയർന്ന വില ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഭാ വക്താവ് പറഞ്ഞു.
ചെലവ് ചുരുക്കാനും ആഹ്വാനം
പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കാൻ ഇടയലേഖനത്തിലൂടെ ഞായറാഴ്ച ആർച്ച് ബിഷപ്പ് അഭ്യർത്ഥിച്ചിരുന്നു. ജ്ഞാനസ്നാനവും വിവാഹവും ആദ്യ കുർബാനയും പോലുള്ള ചടങ്ങുകൾ ആരാധനാരീതി പ്രകാരം മാത്രം നടത്തണം. സൽക്കാരച്ചെലവും മറ്റും ഒഴിവാക്കി പണം പുനരധിവാസ പദ്ധതികൾക്ക് നൽകണം എന്നായിരുന്നു വിശ്വാസികളോടുള്ള അഭ്യർത്ഥന.
കാർ മോഡൽ : ഇന്നോവ ക്രിസ്റ്റ
പഴക്കം : ഒന്നര വർഷം
നമ്പർ : കെ.എൽ - 7 സി.എച്ച് 9884
വാങ്ങിയ വില : 24 ലക്ഷം രൂപ