hanan
കൊച്ചി: പഠനത്തിന് പണം കണ്ടെത്താൻ കോളേജ് യൂണിഫോമിൽ മീൻ വില്പന നടത്തിയത് വഴി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഹനാന്  (19) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. നടുവിന് ക്ഷതമേറ്റ്   അലറിക്കരയുന്ന നിലയിലാണ് ഇവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാത 17ൽ കൊടുങ്ങല്ലൂർ, കോതപറമ്പിൽ വച്ചായിരുന്നു അപകടം. ഇലക്ട്രിക് പോസ്റ്റിലാണ് ഹനാൻ സഞ്ചരിച്ചിരുന്ന ഐ ടെൻ കാറിടിച്ചത്. കാറിന്റെ ഡ്രൈവർക്ക് വലിയ പരിക്കില്ല. കോഴിക്കോട് നിന്ന് ഇന്നലെ പുലർച്ചെ എറണാകുളത്തേക്ക് മടങ്ങുകയായിരുന്നുവെന്നും ഒരു സൈക്കിൾ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നുവെന്നും കാറോടിച്ചിരുന്ന യുവാവ് പറഞ്ഞു. ഹനാനെയും ഡ്രൈവറെയും ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഹനാന്റെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനാൽ ഇവരെ, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സുഷുമ്നാ നാഡിക്ക് ക്ഷതമേൽക്കുകയും നട്ടെല്ലിന് ചെറിയ പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ   അടിയന്തര ശസ്ത്രക്രിയ നടത്തി. ഹനാൻ അപകടനില  തരണം ചെയ്തതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഹാരൂൺ എം. പിള്ള അറിയിച്ചു. ഹനാന്റെ  ആരോഗ്യനിലയെക്കുറിച്ച് അറിയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി ഫോൺകാളെത്തി. ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ അസ്ഹർ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നാരോപിച്ച് കഴിഞ്ഞദിവസം മുതൽ ഹനാന് ഫോണിൽ നിരന്തരം ഭീഷണി വരുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാവിലെ പത്തിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിൽ കണ്ട് പരാതി നൽകുന്നതിന്  അനുമതി നേടി. കോഴിക്കോട്ട് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം പരാതി നൽകാൻ കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
hanan-car
ചികിത്സാചെലവ്  സർക്കാർ വഹിക്കും
തിരുവനന്തപുരം: അപകടത്തെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ഡോക്ടറെ ബന്ധപ്പെട്ട് ചികിത്സയെപ്പറ്റി ആരാഞ്ഞു.