pk-sasi
ന്യൂഡൽഹി: സി.പി.എം ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തി കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ ഉള്ളതായി അറിയുന്നു. നിരന്തരം ശല്യപ്പെടുത്തിയിരുന്നു. അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നു. ഫോണിലൂടെയും  അശ്ലീല സംഭാഷണം നടത്തിയിരുന്നു. തുടങ്ങിയവയാണ് എം. എൽ. എയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ.  ഇതിന്റെ 15 മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എം.എൽ.എ വിളിച്ചതിന്റെ ഫോൺ വിശദാംശങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

പരാതി ഒതുക്കാൻ ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയിൽ ഉന്നത പദവിയും വാഗ്ദാനം ചെയ്തിരുന്നതായും  ആക്ഷേപം ഉന്നയിക്കുന്നു.  നേരത്തെ സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കൾക്കും ആഗസ്റ്റ് 14ന് പി.ബി അംഗമായ ബൃന്ദാ കാരാട്ടിനും യുവതി പരാതി നൽകിയിരുന്നു. ഒരാഴ്ച മുമ്പ് സംസ്ഥാന സെക്രട്ടേറിയറ്ര് യുവതിയുടെ പരാതി ചർച്ച ചെയ്തിരുന്നു. എന്നാൽ, തീരുമാനമൊന്നും പുറത്തുവരാത്തതിനെ തുടർന്ന് ഇന്നലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ മെയിലായി യുവതി പരാതി നൽകി. അവൈലബിൾ പി.ബി യോഗം ചേർന്ന് യുവതിയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. എം.എൽ.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കേന്ദ്ര നേതൃത്വം നിർദേശിച്ചു. രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി പരാതി അന്വേഷിക്കണമെന്ന നിർദേശവുമുണ്ട്. ഇതിൽ ഒരാൾ വനിതയായിരിക്കണം.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. നേരത്തെ നിശ്ചയിച്ച യോഗമാണെങ്കിലും എം.എൽ.എയ്‌ക്കെതിരെയുള്ള പരാതിയും ചർച്ചയാകും. പരാതി സംബന്ധിച്ച് സംസ്ഥാന, ജില്ലാ നേതൃത്വം ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ എം.എൽ.എയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേതാക്കൾ നൽകുന്നുണ്ട്. എം.എൽ.എയുടെ വിശദീകരണം കേട്ടശേഷമാകും ഇത്. അതേസമയം, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എം.എൽ.എയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. വനിതാ നേതാവിന്റെ പരാതി നേരത്തെ ജില്ലയിലെ പാർട്ടി അംഗങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടേറിയറ്റ് കൂടുമ്പോൾ പരിഗണിക്കാമെന്ന് ചില നേതാക്കൾ യുവതിയെ അറിയിച്ചുവത്രേ. സംസ്ഥാനത്തെ ചില വനിതാ നേതാക്കളെയും യുവതി വിവരം അറിയിച്ചിരുന്നതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തിനെ തുടർന്നാണ് യുവതി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.