pk-sasi
പാലക്കാട് : ഷൊർണൂർ എം.എൽ.എ. പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ് .ഐ വനിതാ നേതാവ് നൽകിയ പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ലെന്നും പകരം സംസ്ഥാനത്തെ അന്വേഷണ സംവിധാനമാണെന്നും മുതിർന്ന ബി.ജെ .പി നേതാവ് എം.ടി. രമേശ് ആവശ്യപ്പെട്ടു. സി.പി.എം. നേതൃത്വം ഡി.വൈ.എഫ് .ഐ വനിതാ നേതാവ് നൽകിയ പരാതി എന്ത് കൊണ്ട് പൊലീസിന് കൈമാറിയില്ലെന്ന് ചോദിച്ച അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പാർട്ടി തന്നെ സംസ്ഥാനത്തെ നിയമസംവിധാനത്തെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു.

സി.പി.എം ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉയർത്തിയിരിക്കുന്നത്. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തി തന്നെ കയറി പിടിക്കാൻ പി.കെ. ശശി ശ്രമിച്ചുവെന്ന് പരാതിയിൽ ഉള്ളതായി അറിയുന്നു. നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നു. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങിയവയാണ് എം. എൽ. എയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ. ഇതിന്റെ 15 മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എം.എൽ.എ വിളിച്ചതിന്റെ ഫോൺ വിശദാംശങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.