harish-vasudevan-

പ്രളയാനന്തരം പുനർനിർമ്മാണ കേരളത്തിനെ കുറിച്ചുള്ള ചർച്ചകളാണ് നാട്ടിലെങ്ങും. രാഷ്ട്രീയ നേതാക്കളും, നിരവധി മേഖലകളിലെ വിദഗ്ദ്ധരുമെല്ലാം ചർച്ചകളിൽ പങ്കെടുത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ഭൂമിസാക്ഷരതയുടെ ആവശ്യകതയെ കുറിച്ചുള്ള ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നത്. ഒരു നിയമനിർബന്ധവും കോടതിവിധിയും ഇല്ലാതെ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാട്ടിലെ ജനത മുന്നിട്ടിറങ്ങണം. ഭൂമിയിൽ ചവിട്ടിയാണ് നാം ജീവിക്കുന്നതെന്നും അതിന്റെ നിയമങ്ങൾ ഒരോന്നും നാം സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളെ ബാധിക്കുമെന്നുമുള്ള സത്യം ജനത്തെ ബോദ്ധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവൻ പങ്കുവയ്ക്കുന്നു. പട്ടാളത്തെ വിളിച്ചു നടപ്പക്കേണ്ട ഒന്നല്ല പരിസ്ഥിതിസൗഹൃദ വികസനമെന്നും നൂറിലധികം പേരുടെ ജീവൻ അപഹരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്നും ഒന്നും പഠിക്കാത്ത സമൂഹം ചില സർക്കുലറുകളിൽ അതിനെകുറിച്ചുള്ള ചർച്ചകൾ അവസാനിച്ചുവെന്നും ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

100 പേർ മരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് നാം എന്തെങ്കിലും പഠിച്ചോ? ഭരണകൂടം പഠിച്ചോ? എക്സ്പ്ലോസീവ് നിയമം രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ നടപ്പാക്കി തുടങ്ങിയോ? ഇല്ല, ഇല്ലേയില്ല. ചില സർക്കുലറുകളിൽ ആ ചർച്ചകൾ മുഴുവൻ അവസാനിച്ചു.

ഈ ദുരന്തത്തിൽ നിന്നും കേരള സർക്കാർ സംവിധാനമോ പൊതുജനമോ എന്തെങ്കിലും ഗൗരവമായി പഠിക്കുമെന്ന തോന്നൽ എനിക്കില്ല. എങ്കിലും പറയാനുള്ളത്, പറയാവുന്ന വേദികളിൽ എല്ലാം പറയും.

പുനർനിർമ്മാണ കേരളത്തിൽ എന്താണ് ആദ്യം വേണ്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജന്മിത്വത്തിനു എതിരെ ഭൂപരിഷ്കരണം കൊണ്ടുവന്നു ഒരുപരിധി വരെ വിജയിച്ചവരാണ് നമ്മൾ. നിരക്ഷരതയ്ക്ക് എതിരെ സാക്ഷരതായജ്‌ഞം നടത്തി വിജയിപ്പിച്ചവരാണ് നമ്മൾ. ജനാധിപത്യ വികേന്ദ്രീകരണം നടത്തി വിജയിപ്പിച്ചവർ..

ഇനി കേരളത്തിൽ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയാണ്. മണ്ണ്, വെള്ളം, പരിസ്ഥിതി, കാലാവസ്ഥ എന്നിവയെപ്പറ്റി സമഗ്രമായ പഠനങ്ങൾ നടത്തുകയും ഉള്ള പഠനങ്ങൾ ഏകോപിപ്പിച്ച് അതിന്റെ അറിവുകൾ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ലഭ്യമാക്കുകയും ചെയ്യുക. ഭൂമിയിൽ ചവിട്ടിയാണ് നാം ജീവിക്കുന്നതെന്നും അതിന്റെ നിയമങ്ങൾ ഓരോന്നും നാം സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളെ ബാധിക്കുമെന്നുമുള്ള സത്യം വസ്തുതാപരമായി ജനത്തെ ബോദ്ധ്യപ്പെടുത്തുക. ചിന്തയിൽ ഇക്കോ സെന്സിറ്റീവിറ്റി വളർത്തുക. അപ്പോൾ ഒരു നിയമനിര്ബന്ധവും കോടതിവിധിയും ഇല്ലാതെ ജനത പരിസ്ഥിതിയെ സംരക്ഷിച്ചു തുടങ്ങും. സ്വകാര്യ വാഹനങ്ങൾ പോലും ആവശ്യമില്ലാതെ ഉപയോഗിക്കരുതെന്ന് അവർ സ്വയം തീരുമാനിക്കും. എല്ലാവരും തുണിസഞ്ചികൾ കരുതും. പട്ടാളത്തെ വിളിച്ചു നടപ്പാക്കേണ്ട ഒന്നല്ലല്ലോ പരിസ്ഥിതിസൗഹൃദ വികസനം.

ഈ ഭൗമസാക്ഷരതാ യജ്‌ഞം ആയിരിക്കണം സുസ്ഥിര കേരളത്തെ നിർമ്മിച്ചതെന്നു ചരിത്രം രേഖപ്പെടുത്താൻ പോകുന്നത്. പ്രതീക്ഷയല്ല, ആഗ്രഹങ്ങളാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാർത്ഥതാൽപ്പര്യങ്ങൾ ഒരൽപം മാറ്റിവെച്ചു ഒരുമിച്ചാൽ നമുക്ക് ചരിത്രം സൃഷ്ടിക്കാം.