തൃശൂർ : പ്രളയത്തെ അതിജീവിക്കാനായി തന്റെ ഇടം വലം നിന്നവരെ പൊതുസമൂഹത്തിൽ പരിചയപ്പെടുത്തുന്നതിലൂടെ അനുപമ ഐ .എ .എസ്. പുതിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ക്രെഡിറ്റും മറ്റാർക്കും വിട്ടുകൊടുക്കാതെ തലയിലേറ്റുന്നവർ ഈ ലാളിത്യം കാണാതെ പോവരുത്. തൃശൂർ ജില്ലയിൽ പ്രളയം തുടങ്ങിയ സമയത്ത് ജില്ലാ സപ്ലൈ ഓഫീസർ ആയി ചാർജ് എടുത്ത് ടി. അയ്യപ്പദാസിന്റെ പ്രവർത്തനങ്ങളെകുറിച്ചാണ് ഇന്ന് കളക്ടർ കുറിച്ചിരിക്കുന്നത്.
രാപ്പകലില്ലാതെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സേവനം ജില്ലയ്ക്ക് ലഭ്യമാക്കിയത് അയ്യപ്പദാസിന്റെ നേതൃത്വത്തിലായിരുന്നു. ജില്ലയിലെ ഇന്ധന ഉപയോഗം രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിറക്കിയ ഇദ്ദേഹം ക്യാമ്പുകളിലേക്ക് ആവശ്യത്തിന് പാചക വാതകം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അതുപോലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സപളൈക്കോ, റേഷൻ കടകൾ എന്നിവിടങ്ങളിൽ നിന്ന് പലവ്യഞ്ജനങ്ങളും മാവേലി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുകളും ലഭ്യമാക്കുവാനും ഇദ്ദേഹം ശ്രമിച്ചു.
പ്രളയകാലത്തെ മുതലെടുത്ത് സാധനങ്ങൾക്ക് അമിത വില ഈടാക്കാൻ ശ്രമിച്ച കച്ചവടക്കാരെ നിലയ്ക്ക് നിർത്തിയ അയ്യപ്പദാസ് അത്തരക്കാരിൽ നിന്നും സാധനങ്ങൾ പിടിച്ചെടുത്ത് ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനും പൂർണ ഉത്തരവാദിത്തത്തോടെ നിർഭയം പ്രവർത്തിച്ചതായും കളക്ടർ കുറിച്ചു. അതുപോലെ ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനായി അടാട്ട്, തലോർ എന്നിവിടങ്ങളിൽ ഉള്ള സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുത്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തൃശൂർ ജില്ലയിൽ പ്രളയം തുടങ്ങിയ സമയത്ത് ജില്ലാ സപ്ലൈ ഓഫീസർ ആയി ചാർജ്ജ് എടുത്ത ശ്രീ. ടി. അയ്യപ്പദാസിന്റെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനമാണ് സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ ഉടനീളം കാഴ്ച വെച്ചത്. ജില്ലയിലെ ഇന്ധന ഉപയോഗം രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിറക്കിയതും ലഭ്യമായ ഇന്ധനം വിതരണത്തിന് തയ്യാറാക്കിയതും രക്ഷാപ്രവർത്തനങ്ങളിൽ നിർണായകമായി മാറി. ക്യാമ്പുകളിലേക്ക് ആവശ്യത്തിന് പാചക വാതകം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഇത്തരം ആവശ്യങ്ങൾക്ക് മുൻഗണന നൽകി പൊതു വിതരണം നിയന്ത്രിക്കുന്നതിനും രാപ്പകൽ ഇല്ലാതെ ഇദ്ദേഹത്തിന്റെ കീഴിൽ ഉദ്യോഗസ്ഥർ അണി നിരന്നു. ജില്ലാ കലക്ടറേറ്റിലും, താലൂക്ക് സപ്ലൈ ഓഫീസിലും ഉള്ള കൺട്രോൾ റൂമുകളിലും പ്രളയം ആരംഭിച്ചത് തൊട്ടു ഇദ്ദേഹത്തിന്റെ നിർദേശാനുസരണം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സേവനം ദിവസം മുഴുവൻ ലഭിച്ചു വരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സപ്ലൈക്കോ ഔട്ട്ലെറ്റുകൾ, റേഷൻ കടകൾ എന്നിവിടങ്ങളിൽ നിന്ന് പലവ്യഞ്ജനങ്ങളും മാവേലി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ആവശ്യമായ മരുന്നുകളും എത്തിക്കുന്നതിന് മുൻ കൈ എടുത്തതിന് പുറമെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, കിറ്റുകളും നൽകുന്നതിന് സപ്ലൈകോ യുടെ വാഹനങ്ങൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതും ഇദ്ദേഹത്തിന്റെ കാർമികത്വത്തിലാണ്.
അയൽ സംസ്ഥാനങ്ങളിലെ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ലഭിച്ച ഭക്ഷ്യ സാധനങ്ങൾ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിക്കുന്നതിനും ആവശ്യാനുസരണം കളക്ഷൻ സെന്ററുകളിലേക്കും ക്യാമ്പിലേക്കും എത്തിക്കുന്നതിനും ഇദ്ദേഹത്തിന്റെ കീഴിൽ നടപടി സ്വീകരിച്ചു.
ഇതിനു പുറമെ പൊതു വിപണിയിൽ വിലക്കയറ്റം തടയുന്നതിനും, ദുരിത ബാധിതർക്കുള്ള സാധനങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ച സ്ഥാപിത താല്പര്യക്കാരിൽ നിന്നും പിടിച്ചെടുത്ത് ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനും ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥർ പൂർണ ഉത്തരവാദിത്തത്തോടെ നിർഭയം പ്രവർത്തിച്ചു.
എല്ലാ റേഷൻ കാർഡുടമകൾക്കും സർക്കാർ പ്രഖ്യാപിച്ച അഞ്ച് കിലോ സൗജന്യ റേഷൻ നൽകുന്നതിന് ജില്ലയിലെ റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി ലഭ്യമാക്കുന്നതിനും ഇദ്ദേഹത്തിന്റെ കീഴിൽ നടന്ന പരിശ്രമങ്ങൾ വളരെ വലുതാണ്.
ക്യാമ്പ് വിട്ടു പോകുന്നവർക്ക് നൽകുന്ന 'back to home' കിറ്റുകളിലേക്കുള്ള ആവശ്യവസ്ത്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം ഇത് തയ്യാറാക്കുന്ന കളക്ഷൻ സെന്ററുകളുടെ കപ്പാസിറ്റിക്ക് മുകളിൽ സാധനങ്ങൾ വരുമ്പോൾ അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു അടാട്ട്, തലോർ എന്നിവിടങ്ങളിൽ ഉള്ള സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുത്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ശ്രീ. അയ്യപ്പദാസിന് കീഴിൽ അണിനിരന്ന മുഴുവൻ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു.