neelakurunji-

മൂന്നാർ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ലോകത്തിന് കൺകുളിർക്കെ കാണാൻ നീലക്കുറിഞ്ഞി വീണ്ടും പൂവിടുന്നു. ഇടമുറിയാതെ പെയ്ത മഴയിൽ അൽപ്പമൊന്ന് തളർന്നെങ്കിലും, തോറ്റോടാനൊന്നും നീലക്കുറിഞ്ഞിയെ കിട്ടില്ല. പ്രളയാനന്തരം അതിജീവനത്തിന്റെ പുത്തൻ പാഠം പഠിക്കുന്ന മലയാളികൾക്ക് കൺനിറയെ കാണാൻ മൂന്നാർ ഇരവികുളം പാർക്കിലും, കാന്തല്ലൂർ മലയിലുമാണ് നീലക്കുറിഞ്ഞികൾ പൂവിട്ടത്.

കനത്ത മഴ മൂന്നാറിനെ ഒറ്റപ്പെടുത്തിയാണ് കടന്ന് പോയത്. മണ്ണിടിഞ്ഞ് വീണും, റോഡുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയപ്പോഴും, നീലക്കുറിഞ്ഞിയുടെ വസന്തക്കാഴ്ച നഷ്ടമാവുമോ എന്ന ഭയമായിരുന്നു ആസ്വാദകർക്കുണ്ടായിരുന്നത്. അതിനിടെ ആദ്യം വിരിയാൻ കാത്തുനിന്ന പൂമൊട്ടുകൾ അഴുകിത്തുടങ്ങിയെന്നും, മൂന്നാറിലെ നിരവധി ഹോട്ടലുകൾക്ക് നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മഴമാറി തെളിഞ്ഞ കാലാവസ്ഥ എത്തിയതോടെയാണ് നീലക്കുറിഞ്ഞികൾ പൂവിരിയിച്ച് കൺതുറന്നത്. രണ്ടാഴ്ചയ്ക്കകം ഇവിടത്തെ മലഞ്ചെരുവുകളെല്ലാം നീലവസന്തത്തിന് സാക്ഷിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി പൂവുകൾ വിരുന്നുവന്നാലും ഇവിടെ ടൂറിസം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്ന പോരായ്മകളേറെയാണ് തകർന്ന് കിടക്കുന്ന റോഡുകളാണ് അതിലൊന്നാമതായിട്ടുള്ളത്. ഒരു മാസം വൈകിയിട്ടാണെങ്കിലും അതിജീവനത്തിന്റെ പാഠംമുൾക്കൊണ്ട് വിരിയുന്ന നീലക്കുറിഞ്ഞിയെ നടന്നുപോയെങ്കിലും ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് സഞ്ചാരികൾ