health

നിങ്ങൾക്ക് പ്രായം മുപ്പതുകഴിഞ്ഞോ?അതോ മുപ്പതിനോട് അടുക്കുകയാണോ?ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമാണിത്.ആഗ്രഹിച്ചത് പോലുള്ള കുടുംബജീവിതവും അതിനാവശ്യമായ വരുമാനവും നിങ്ങൾ ഇതിനകം നേടിത്തുടങ്ങിയിട്ടുണ്ടാകും. ഇപ്പോഴുള്ള സന്തോഷവും ചുറുചുറുക്കും ഊർജ്ജസ്വലതയും ജീവിതത്തിൽ എന്നും നിലനിർത്തണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഈ പത്തുകാര്യങ്ങൾ കൂടി നിങ്ങളുടെ ശീലമാക്കൂ.ഫലം ഉറപ്പ്.

1.ഭക്ഷണരീതിയിൽ കാര്യമുണ്ട്
പ്രകൃതിക്കനുയോജ്യമായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുകൾ എന്നിവ ധാരാളം കഴിക്കുക.ജങ്ക് ഫുഡുകൾ,വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

2.വെള്ളം ധാരാളം കുടിക്കുക:
തൊലിയിലെ ജലാംശം നിലനിർത്താനും ശരീരത്തിൽ ചുളിവുകൾ വരാതിരിക്കാനും ദിവസവുംഎട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കണം. ഇത് വെള്ളമായി തന്നെ ശരീരത്തിലെത്തണം. ചായയും കോഫിയും മദ്യവുമൊന്നും വെള്ളത്തിന് പകരമാവില്ല.

3. ഗ്രീൻ ടീ ശീലമാക്കുക
ആന്റി ഓക്‌സൈഡുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ വെയിലത്ത് തൊലിക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു. ഇവയിലടങ്ങിയ ആന്റി ഓക്‌സൈഡുകൾ യുവത്വം നിലനിർത്തും.

4. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുക
അമിനോ ആസിഡ് അടങ്ങിയ പ്രോട്ടിനാണ് ശരീര കോശങ്ങളെ നിർമ്മിക്കുന്നതും കേടുപാടുകൾ പരിഹരിക്കുന്നതും. പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള മുടിയും തൊലിയും നഖവും ലഭിക്കുന്നു.

5. ചിട്ടയായ വ്യായാമം.
ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് നിർബന്ധമാക്കണം.ബോഡിഷേപ്പ് നിലനിർത്താനും കുടവയർ ചാടാതിരിക്കാനും വ്യായാമം പ്രധാനമാണ്.വ്യായാമമില്ലെങ്കിൽ മസിലുകൾ വേഗം അയഞ്ഞ് വാർദ്ധക്യത്തിന് കീഴ്‌പ്പെടും.വ്യായാമം ചെയ്യമ്പോൾ ഉണ്ടാകുന്ന എൻഡോർഫിൻ എന്ന ഹോർമോൺ മാനസികാരോഗ്യത്തിനും നല്ലതാണ്.

6.ബി പോസിറ്റീവ്.
ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക.ചുറ്റുമുള്ള എന്തിലും ഏതിലും ദോഷങ്ങൾ കണ്ടെത്താതെ നന്മയിലും സത്യസന്ധതയിലും ശ്രദ്ധകേന്ദ്രീകരിക്കുക.ആത്മവിശ്വാസം ഉണർത്താനും ജീവിതത്തിലെ സന്തോഷം നിലനിർത്താനും പോസിറ്റീവ് ചിന്തകൾ വളരെ സഹായിക്കും.പോസിറ്റീവ് ചിന്തകൾ നൽകുന്നവരോട് കൂട്ടുകൂടുക.

7.വെയിൽ കൊള്ളുന്നത് കുറയ്ക്കുക
സൂര്യപ്രകാശത്തിലെ വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമാണെങ്കിലും തുടർച്ചയായി വെയിലേൽക്കുന്നത് ചർമ്മത്തെ ബാധിക്കും.പുറത്തിറങ്ങമ്പോൾ സൺക്രീമുകൾ ഉപയോഗിക്കാം.ചർമ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക.വിപണിയിൽ ലഭിക്കുന്ന ക്രീമുകളും ലോഷനുകളും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും.

8.ഇടയ്ക്കിടയ്ക്ക് മുഖം കഴുകുക
മുഖം കഴുകുന്നത് ഒരു ശീലമാക്കുക.ചർമ്മത്തിലെ മൃതകോശങ്ങൾ ഒഴിവാക്കാനും മുഖം തിളക്കമുള്ളതാക്കാനും ഇതുവഴി സാധിക്കും.മുഖം കഴുകാൻ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക.സോപ്പുകൾ മുഖചർമ്മത്തെ വരണ്ടതാക്കും.

9.പുഞ്ചിരിക്കുക,പൊട്ടിച്ചിരിക്കുക
എപ്പോഴും കടന്നൽ കുത്തിയ ഭാവത്തോടെ മുഖം വീർപ്പിച്ചിരിക്കുന്നവരെ ആർക്കാണിഷ്ടമാവുക?എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കാൻ ശീലിക്കുക.ജീവിതത്തെ പ്രസാദാത്മകമായി കാണുക.എല്ലാ പ്രതിസന്ധികളേയും പുഞ്ചിരിയോടെ നേരിടുക.

10. ആസ്വദിച്ച് ഉറങ്ങുക.
പര്യാപ്തമായ ഉറക്കവും നിങ്ങളുടെ യുവത്വവും തമ്മിൽ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെയും തൊലിയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴന്നേൽക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും.