ന്യൂഡൽഹി: പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ധനം സമാഹരിക്കാനിരിക്കെ വിലങ്ങുതടിയുമായി വീണ്ടും കേന്ദ്ര സർക്കാർ രംഗത്ത്. വിദേശത്ത് നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച കേന്ദ്രം, പോകാനുദ്ദേശിക്കുന്ന വിദേശ രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച ശേഷം മാത്രമേ മന്ത്രിമാർക്ക് യാത്രാനുമതി നൽകുകയുള്ളൂവെന്നും വ്യക്തമാക്കി.
എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഇതര വിദേശ ഫണ്ട് വാങ്ങുന്നതിന് തടസമില്ലെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ട്രസ്റ്റുകളിലോ മറ്റുള്ളവയിൽ നിന്നോ സഹായം സ്വീകരിക്കാവുന്നതാണ്.
യു.എ.ഇ, ഒമാൻ, ബഹറിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒരു മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഒക്ടോബറിലാണ് യാത്ര പദ്ധതിയിട്ടിരുന്നത്.