poll-dance-in-china

ബീജിംഗ്: നഴ്സറി സ്കൂൾ കുട്ടികളെ സ്വാഗതം ചെയ്യുന്ന പ്രവേശനോത്സവത്തിൽ പോൾ ഡാൻസ് സംഘടിപ്പിച്ചത് വിവാദമായി. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി പ്രധാന അദ്ധ്യാപകൻ രംഗത്തെത്തി. മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പ്രവേശനോത്സവ ചടങ്ങിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്.

ചൈനയിലെ ബീജിംഗിൽ ഷെ‍ഞ്ജയിലെ ബാവോൻ നഴ്സറിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രധാന അദ്ധ്യാപകൻ മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു. മേനി പ്രദർശിപ്പിച്ച കറുത്ത വസ്ത്രമണിഞ്ഞ നർത്തകി നഴ്സറി മുറ്റത്തുള്ള വേദിയിലാണ് നൃത്തം അവതരിപ്പിച്ചത്.

അമേരിക്കൻ എഴുത്തുകാരനായ മൈക്കിൾ സ്റ്റാൻഡേയർട്ട് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദത്തിന് വഴിവച്ചത്. മൂന്ന് വയസും ആറ് വയസുള്ള കുട്ടികളെ പോൾ ഡാൻസ് കാണിക്കുന്നത് നല്ലതാണെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം വിഡിയോടൊപ്പം പോസ്റ്ര് ചെയ്തു. ഇദ്ദേഹത്തിന്റെ മക്കളും ഇവിടെയായിരുന്നു പഠിക്കുന്നത്.

വിവാദ വീഡിയോ പ്രചരിച്ചതോടെ എഡ്യൂക്കേഷണൽ ബോർഡ് വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രധാന അദ്ധ്യാപകനെ പിരിച്ചു വിടാനായിരുന്നു ബോർഡിന്റെ നിർദ്ദേശം. എന്നാൽ താൻ ആദ്യം തന്നെ മാപ്പ് പറഞ്ഞെന്നായിരുന്നു പ്രധാന അദ്ധ്യാപകൻ പറഞ്ഞത്.