തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സമാഹരിക്കുന്നതിന് മന്ത്രിമാർ നടത്തുന്ന യാത്ര എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്ര സർക്കാർ ഉടനടി അനുമതി നൽകില്ലെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുറംനാടുകളിൽ നിന്ന് നിരവധി പേരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത്. എന്നാൽ കേരളത്തിന് സഹായമെത്തിക്കുന്നത് എങ്ങനെയാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്. മന്ത്രിമാർ ആ രാജ്യങ്ങളിൽ ചെല്ലുകയാണെങ്കിൽ നല്ല തോതിൽ ധനം സമാഹരിക്കാൻ സാധിക്കും. കൂടാതെ പുറംനാടുകളിലുള്ള മലയാളികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മറ്റ് വിദേശികളിൽ നിന്നും സഹായം ലഭിക്കും. അതിനാൽ ഇതിലെ ഗുണപരമായ വശം കാണാൻ എല്ലാവർക്കും കഴിയണമെന്നും ജയരാജൻ പറഞ്ഞു.
പി.കെ.ശശി എം.എൽ.എയുടെ കാര്യത്തിൽ സർക്കാർ ഇടപെടേണ്ടതില്ല. ശശിക്കെതിരായ പരാതി ലഭിച്ചത് പാർട്ടിക്കാണ്. അതേക്കുറിച്ച് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ജയരാജൻ മറുപടി നൽകി.