ramesh-cheniithala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോൾ പകരം ആർക്കും ചുമതല നൽകാത്തത് മന്ത്രിമാരെ വിശ്വാസമില്ലാത്തത് കൊണ്ടാണോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.പതിവ് മന്ത്രിസഭായോഗം ചേരാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും പ്രസ്ക്ലബ്ബിന്റെ പ്രളയാനന്തര കേരളം സംവാദ പരിപാടിയിൽ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

മന്ത്രിസഭ ചേരുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇ.പി. ജയരാജനെ മന്ത്രിസഭായോഗത്തിൽ അദ്ധ്യക്ഷത വഹിക്കാൻ ചുമതലപ്പെടുത്തിയത്? മുൻകാലങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ വിദേശത്ത് പോയപ്പോൾ പകരം മന്ത്രിമാർക്ക് ചുമതല നൽകിയ കീഴ്‌വഴക്കമുണ്ട്. മുഖ്യമന്ത്രി പോയതോടെ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ മന്ദീഭവിച്ചു. തീരുമാനമെടുക്കാൻ ഒരാളില്ലാത്തതിനാൽ ഒന്നും നടക്കാത്ത സ്ഥിതിയാണ്. സർക്കാരിൽ ഏകോപനമില്ല. മന്ത്രിമാർ തമ്മിൽ അഭിപ്രായഭിന്നത ശക്തിപ്പെട്ടു. താൻ പങ്കെടുത്ത വേദിയിലാണ് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും വാക്‌തർക്കമുണ്ടായത്. ചലച്ചിത്രമേളയും കലോത്സവവും ഒഴിവാക്കിയ പൊതുഭരണ വകുപ്പ് ഉത്തരവിനെതിരെ ഒരു മന്ത്രി ചീഫ്സെക്രട്ടറിക്ക് കത്ത് നൽകുന്നു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. ടൂറിസം മന്ത്രി അതൃപ്തി പ്രകടിപ്പിക്കുന്നു.

ആഘോഷങ്ങൾ ഒഴിവാക്കിയും ചെലവ് ചുരുക്കിയും സ്കൂൾ കലോത്സവവവും രാജ്യാന്തര ചലച്ചിത്ര മേളയും കേരള ട്രാവൽ മാർട്ടുമൊക്കെ നടത്തുന്നതിൽ തെറ്റില്ല. ഓഖി ദുരന്തകാലത്ത് ആർഭാടങ്ങളൊഴിവാക്കി ചലച്ചിത്രമേള നടത്തിയില്ലേ. മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ തെറ്റില്ലെങ്കിലും ഈ ദുരന്തകാലത്ത് ടൂറിസം മന്ത്രി തുടർച്ചയായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത് ശരിയല്ല. ആളുകളോട് ചെലവ് ചുരുക്കാനും മുണ്ട് മുറുക്കാനും നിർദ്ദേശിക്കുമ്പോൾ മന്ത്രിമാർ ഇക്കാര്യം ഓർക്കേണ്ടതാണ്. മന്ത്രിമാർ വിദേശത്ത് പോയി പണം പിരിക്കുമെന്ന് പ്രഖ്യാപിച്ചത് തന്നെ തെറ്റാണ്. മന്ത്രിമാർക്ക് ഒരു രാജ്യത്ത് പോയി വെറുതെ പണം പിരിക്കാനാവില്ല. അതിന് നടപടിക്രമങ്ങളുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ജനങ്ങൾ സ്വമേധയാ മുന്നോട്ട് വരുമ്പോൾ ജില്ലകളിൽ ചെന്ന് മന്ത്രിമാരുടെ നിർബന്ധിതപിരിവ് പാടില്ല. സ്കൂളുകളിലും പാടില്ല. സർക്കാർ ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളം നൽകുകയും അവരുടെ ഉത്സവബത്ത പിടിച്ചുവാങ്ങുകയും ചെയ്ത സ്ഥിതിക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ അവരെ നിർബന്ധിക്കരുത്. ധനമന്ത്രിയില്ലാത്ത പുനരധിവാസ സബ്കമ്മിറ്റി ആത്മാവില്ലാത്ത ജഡം പോലെയാണ്. പതിനായിരം രൂപ വിതരണം കാര്യക്ഷമമാക്കാൻ പണം നൽകിയവരുടെ പട്ടിക സ‌ർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.