തിരുവനന്തപുരം: ''ഒരു ബാഗും തോളത്തിട്ട് വിയർത്തൊലിച്ച് കണ്ണൻ വന്ന് കേറിയപ്പോൾ ഒരത്ഭുതവും തോന്നിയില്ല"", സ്വന്തം നാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ആരും അറിയാതെ ലീവെടുത്ത് വന്ന 2012 ബാച്ച് ഐ.എ.എസുകാരനായ കണ്ണനെ അഭിനന്ദിച്ച് പ്രശാന്ത് നായർ എെ.എ.എസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണിത്.
ഒന്നും ഉരിയാടാതെ തന്റെ നാട്ടുകാർക്ക് വേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി എത്തിയ കണ്ണൻ ഗോപിനാഥൻ എെ.എ.എസിനെ ആദ്യം തിരിച്ചറിഞ്ഞത് കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും സബ് കളക്ടർ പ്രജ്ഞാൽ പട്ടീലുമാണ്. ഇക്കാര്യം വാർത്തയാതോടെയാണ് കണ്ണൻ ഗോപിനാഥൻ എെ.എ.എസിനെ അഭിനന്ദിച്ച് പ്രശാന്ത് നായർ രംഗത്തെത്തിയത്. വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൻ എെ.എ.എസിനെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ വാക്കുകൾ ഇങ്ങനെ, സത്യം പറയാമല്ലോ, കണ്ണൻ എന്റെ കണ്ണ് തുറപ്പിച്ചു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്. ഞാനത് അനുഭവിച്ചു. കണ്ണാ, സുഹൃത്തും സഹപാഠിയും ആയതിൽ പറഞ്ഞറിയിക്കാൻ ആകാത്ത അഭിമാനം തോന്നുന്നു.