modiന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തുണച്ചും മുതിർന്ന ബി.ജെ.പി നേതാവിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്‌റ്റുകൾ പ്രത്യക്ഷപ്പെട്ടത് ആശയക്കുഴപ്പത്തിനിടയാക്കി. എന്നാൽ താനല്ല ഈ ട്വീറ്റുകൾ ഇട്ടതെന്നും ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് തരുൺ വിജയ് വ്യക്തമാക്കി. തന്റെ ട്വിറ്റർ കൈകാര്യം ചെയ്‌തിരുന്നയാളെ പുറത്താക്കിയിട്ടുണ്ട്. തത്കാലത്തേക്ക് ട്വിറ്റർ പേജ് ഡി ആക്‌ടിവേറ്റ് ചെയ്‌തതായും അദ്ദേഹം വിശദീകരിച്ചു. ഇദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് തരുണിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും രാഹുൽ ഗാന്ധിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. തീർത്ഥയാത്രയ്‌ക്ക് പുറപ്പെട്ട ഒരാളുടെ ലക്ഷ്യത്തെപറ്റി ചർച്ച ചെയ്യാൻ ആർക്കും അധികാരം ഇല്ലെന്നായിരുന്നു ആദ്യ പോസ്‌റ്റ്. രാഹുൽ ഗാന്ധിയുടെ മാനസ സരോവർ യാത്രയ്‌ക്കെതിരെ ബി.ജെ.പി നടത്തിയ വിമർശനങ്ങളാണ് ഇവിടെ ഉന്നയിച്ചതെന്ന് വ്യക്തം. എന്നാൽ തുടർന്ന് വന്ന ട്വീറ്റുകൾ കുറച്ച് കൂടി കാര്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. 'രാഹുലിന്റെ യാത്രയെ കളിയാക്കുന്നതും വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതും തെറ്റാണ്. ഒരിക്കലും ഹിന്ദു ചെയ്യേണ്ട കാര്യമല്ല ഇത്. രാഹുലും ശിവനും തമ്മിലുള്ള കാര്യമാണിത്. ശിവനേക്കാൾ വലുതായി ആരുമില്ല' - എന്നായിരുന്നു രണ്ടാം ട്വീറ്റ്. എന്നാൽ മൂന്നാമത് വന്ന ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഈ ട്വീറ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്‌തു.

അതേസമയം, പുലർച്ചെ തന്നെ തരുൺ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ട്വിറ്റർ കൈകാര്യം ചെയ്‌തിരുന്നയാളെ പുറത്താക്കിയിട്ടുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടയിൽ തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പാസ്‌വേർഡ് ആരോ തട്ടിയെടുത്തതാണ്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. താനും തന്റെ കുടുംബവും നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും വേണ്ടി ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനെതിരെ തരുണിനെ വിമർശിച്ച് ബി.ജെ.പി നേതാക്കൾ തന്നെ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളും അവസരം വിട്ടുകളഞ്ഞില്ല. രാഹുൽ ഗാന്ധിയെ പിന്തുണയ്‌ക്കുന്നവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പോസ്‌റ്റ്.