ന്യൂഡൽഹി: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരുക്കൾ നീക്കുന്ന ഒരു മുതിർന്ന നേതാവുണ്ടെന്ന പരാമർശത്തിലുറച്ച് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ. ആ നേതാവ് ആരാണെന്ന് താൻ ശരിയായ സമയത്ത് നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെയും മുന്നിൽ വെളിപ്പെടുത്തും. മുന്നണിയിൽ കുഴപ്പങ്ങളുണ്ടാക്കാൻ ഈ നേതാവ് മനപ്പൂർവം കുഴപ്പങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബീഹാർ സ്വദേശിയായ ഒരു നേതാവ് മോദിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉപേന്ദ്ര ആരോപിച്ചത്. ഇത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചാവിഷയം. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചയാളാണ് നിതീഷ് കുമാർ. അതേസമയം, വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ രാഷ്ട്രീയ ലോക് സമതാ പാർട്ടിയ്‌ക്ക് അർഹമായ പ്രാതിനിധ്യം ഉപേന്ദ്ര ഉറപ്പിച്ചിട്ടുണ്ടെന്നാണ് മുന്നണിയിലെ സംസാരം. മതിയായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ മുന്നണി വിടാനും ഉപേന്ദ്ര ആലോചിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ ഇത്തവണയും രണ്ട് സീറ്റുകളാണ് ഉപേന്ദ്രയുടെ പാർട്ടിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തെ നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യൂണൈറ്റഡ് എതിർത്തിരുന്നു. മുന്നണി വിടാൻ തക്കം പാർത്തിരിക്കുന്നയാളാണ് ഉപേന്ദ്രയെന്ന് ജനതാദൾ ആരോപിക്കുന്നു.
അതേസമയം, പ്രതിപക്ഷ മുന്നണിയിൽ ചേരാനായി ലാലു പ്രസാദ് യാദവുമായി ചർച്ചകൾ നടത്തിയെന്ന ആരോപണം ഉപേന്ദ്ര നിഷേധിച്ചു. താൻ ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണ്. ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.