ധാക്ക: സാഫ് കപ്പ് ഫുട്‌ബാളിൽ ശ്രീലങ്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഇന്ത്യ തുടക്കം ഗംഭീരമാക്കി. ബംഗ്ലാദേശിലെ ധാക്കയിലെ ബംഗബന്ധു നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം ആഷിഖ് കരുണിയനും ലാലിയൻസ്വാല ചാംഗ്തെയുമാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.
മത്സരത്തിലുടനീളം ഇന്ത്യൻ ആധിപത്യമായിരുന്നു കളത്തിൽ. ഒരു മാസത്തെ വിദേശ പരിശീലനത്തിന് ശേഷമെത്തിയ ഇന്ത്യൻ ടീമിൽ സ്‌ട്രൈക്കർ സുമീത് പാസി ഒഴികെ എല്ലാവരും അണ്ടർ -23 ടീമിലെ താരങ്ങളാണ്. പതിനഞ്ചിലധികം തവണ ഗോൾ അവസരം സൃഷ്ടിച്ച ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ പലപ്പോഴും നിർഭാഗ്യമാണ് വിലങ്ങ് തടിയായത്. ശ്രീലങ്കൻ ഗോൾകീപ്പർ സുജൻ പെരേരയുടെ തകർപ്പൻ സേവുകളും ഇന്ത്യയ്ക്ക് കൂടുതൽ ഗോൾ നേടാൻ തടസമായി. 35ആം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ ആഷിഖ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.
സുമീത് പാസിയുടെ പാസ് സ്വീകരിച്ച് പന്തുമായി ബോക്‌സിനുള്ളിൽ കടന്ന ആഷിഖ് തടയാൻ മുന്നോട്ട് കയറിയ ലങ്കൻ ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. ഈ ഗോളിന്റെ ലീഡിലാണ് ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞത്.
രണ്ടാം പകുതി ആരംഭിച്ചതിനു തൊട്ടുപിന്നാലെ ലാലിയൻസ്വാല ചാംഗ്തെ ഇന്ത്യയുടെ രണ്ടാം ഗോൾനേടി. ജർമൻപ്രീത് സിംഗിൽ നിന്നു ലഭിച്ച പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയ ചാംഗ്തെ, ബോക്‌സിനു പുറത്ത് ഏറെക്കുറെ അസാധ്യമായ ആംഗിളിൽനിന്ന് തൊടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ച് വലയിൽ കയറുകയായിരുന്നു. തുടർന്നും ലീഡ് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 71ആം മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ ഷോട്ട് ക്രോസ്ബാറിൽത്തട്ടി തെറിച്ചു. റീബൗണ്ട് വലയിലാക്കാനുള്ള മൻവീർ സിംഗിന്റെ ശ്രമവും വിഫലമായി.
ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മൽസരം. മറ്റ് മത്സരങ്ങളിൽ പാക്കിസ്ഥാൻ 2–1നു നേപ്പാളിനെയും ആതിഥേയരായ ബംഗ്ലദേശ് 2–0ന് ഭൂട്ടാനെയും തോൽപ്പിച്ചു.