സിഗരറ്റ് വലിക്കുന്നവരും തീവണ്ടിക്കും തമ്മിൽ ഒരേയൊരു സാമ്യമേയുള്ളു. രണ്ടും പുറത്തേക്കാണ് പുക വിടുന്നത്. അകത്തേക്ക് പൂർവാധികം ശക്തിയോടെ വലിച്ചെടുത്ത ശേഷം കുമുകുമാ ആ പുക പുറത്തേക്ക് വിടും. നവാഗതനായ ടി.പി.ഫെല്ലിനി സംവിധാനം ചെയ്ത് യുവാക്കളുടെ ഹരമായി മാറിയ ടൊവിനോ തോമസ് നായകനായ തീവണ്ടിയും ഇത്തരത്തിലൊരു പുക പുറത്തുവിടലിന്റെ കഥയാണ് പറയുന്നത്.
ചെയിൻ സ്‌മോക്കറായ ബിനീഷ് ദാമോദരൻ എന്ന യുവാവിന്റെ ജീവിതമാണ് തീവണ്ടി എന്ന സിനിമയുടെ ആകെത്തുക. മുട്ടയിൽ നിന്ന് വിരിയുന്നതിന് മുമ്പ് കൗതുകം കൊണ്ട് രുചിച്ചു നോക്കിയ സിഗററ്റ് സ്കൂൾ കാലവും കടന്ന് കൗമാരവും പിന്നിട്ട് യൗവനത്തിലെത്തുമ്പോപോഴും അയാൾക്കൊപ്പമുണ്ട്. നിറുത്താൻ ആലോചിക്കുമ്പോൾ നിറുത്തണോയെന്ന ടെൻഷൻ കൊണ്ട് രണ്ടെണ്ണം കൂടുതൽ വലിക്കുന്ന അവസ്ഥ. അത് അയാളുടെ ജീവിതത്തെ എങ്ങനയൊക്കെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സിനിമ പറയുന്നു.
തീവണ്ടിയും പുകവലിക്കാരും പുറത്തേക്ക് പുക വിടുന്നതൊഴിച്ചാൽ ഈ സിനിമയ്ക്ക് യഥാർത്ഥ തീവണ്ടിയുമായി ഒരു ബന്ധവുമില്ല. പിന്നെ സിനിമയെ പ്രേക്ഷകരോട് ചേർത്തു നിറുത്തുന്നത് എന്താണെന്ന് ചോദിച്ചാൽ. ലളിതമായ വിഷയവും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയുമാണ്. സിഗററ്റിന് അടിമയായ ബിനീഷിനെ പോലുള്ള ചെറുപ്പക്കാരെ നാട്ടിൻപുറത്ത് നമുക്ക് കാണാൻ കഴിയും. സിഗററ്റ് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പുകവലിക്കാരുടെ നിരാശയും ഇച്ഛാഭംഗവും എന്നുവേണ്ട അത്തരക്കാരുടെ മാനറസിങ്ങൾ എല്ലാം തന്നെ ഭംഗിയായി വരച്ചു കാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
.സിനിമ പലപ്പോഴും ആസ്വാദ്യകരമാകുന്നത് നമുക്ക് മുന്നിലെ യഥാർത്ഥ ജീവിതത്തിൽ നിന്നൊരേട് പകർത്തുമ്പോഴാണ്. അത്തരത്തിലുള്ള സംഭവത്തിനൊപ്പം കുറച്ച് തമാശയും പ്രണയവും പിന്നെ അല്ലറചില്ലറ രാഷ്ട്രീയവും ആക്ഷേപഹാസ്യവും മേമ്പൊടിയായി ചേർത്തപ്പോൾ അത് ലളിതവും കാലികപ്രാധാന്യവും പുതിയൊരു സന്ദേശവും നൽകുന്നതും കൂടിയായി മാറി. കൂതറ, സെക്കൻഡ് ഷോ തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ വിനു വിശ്വലാൽ സിനിമയ്ക്ക് തനി നാടൻ ലുക്ക് നൽകുന്നതിലും ഗൃഹാതുരതയുടെ സുഗന്ധം പരത്തുന്നതിലും വിജയിച്ചിരിക്കുന്നു. എന്നാൽ, സിനിമയിൽ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ബിജിത്ത് എന്ന കഥാപാത്രം ഇടയ്ക്കിടെ ചോദിക്കുന്നത് പോലെ 'മിറക്കിൾ' (അത്ഭുതം) ഒന്നും ആരും പ്രതീക്ഷിക്കരുത്. തമാശ രംഗങ്ങൾ തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. തിരക്കഥാകൃത്ത് പടച്ചെടത്ത പല സംഭാഷണങ്ങൾക്കും പ്രേക്ഷകരുടെ കൈയടി ലഭിക്കുന്നുണ്ട്.
നായകനും നായികയും തമ്മിലുള്ള പ്രണയത്തിന്റെ ട്രാക്കിലൂടെയും തീവണ്ടി കൂകിപ്പായുന്നുണ്ടെങ്കിലും അത് ഒരിക്കലുമൊരു പ്രണയയാത്ര മാത്രമായി മാറാൻ തിരക്കഥാകൃത്ത് അനുവദിക്കാതിരുന്നത് മേന്മായി. ടൊവിനോയുടെ മുൻ സിനിമകളിൽ കണ്ട ചുംബന രംഗം ഇവിടെയും ആവർത്തിക്കുന്നുണ്ട്.
ടൊവിനോ മച്ചാൻ സൂപ്പറാ
മായാനദി എന്ന സിനിമയിൽ മാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും പിന്നീട് മറഡോണ എന്ന സിനിമയിലൂടെ വീണ്ടും ഞെട്ടിക്കുകയും ചെയ്ത ടൊവിനോയുടെ തനി നാടൻ അവതാരമാണ് തീവണ്ടിയിലേത്. ബിനീഷ് ദാമോദരൻ എന്ന അഭ്യസ്തവിദ്യനായ പുകവലിക്കാരന്റെ അഭിനയം കണ്ടാൽ ടൊവിനോ ആ കഥാപാത്രത്തെ ഉള്ളിൽ ആവാഹിച്ചതു പോലെ തോന്നും. മീശ മുളയ്ക്കാത്ത സ്കൂൾ പയ്യനിൽ നിന്ന് നാട്ടിപുറത്തുകാരനായ യുവാവിലേക്കുള്ള ടൊവിനോയുടെ വേഷപ്പകർച്ച ആരെയും അത്ഭുതപ്പെടുത്തും. സിഗററ്റ് കിട്ടാതെ വരുന്പോൾ ക്ഷുഭിതനും നിരാശഭരിതനുമൊക്കെയാകുന്ന ടൊവിനോയുടെ മാനറിസങ്ങൾ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു.
ടൊവിനോയുടെ കാമുകിയായി എത്തുന്ന ദേവിയെ അവതരിപ്പിച്ച പുതുമുഖം സംയുക്ത മേനോൻ തന്റെ വേഷത്തോട് നീതിപുലർത്തി. മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടുന്ന മറ്റ് താരങ്ങൾ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുധീഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ്. പുകവലിക്കാരനായ അമ്മാവന്റെ വേഷത്തിലെത്തുന്ന സുധീഷ് ഇരുത്തം വന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രാഷ്ട്രീയക്കാരനായി എത്തുന്ന സുരാജും വേറിട്ടു നിൽക്കുന്നു. എം.എൽ.എയായി എത്തുന്ന ഷമ്മി തിലകനും തന്റെ ഭാഗം ഭംഗിയാക്കി. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലെ ഒളിഞ്ഞുകിടക്കുന്ന സൗന്ദര്യം ഛായാഗ്രാഹകൻ അപ്പാടെ പകർത്തിയെടുത്തിട്ടുണ്ട്.
വാൽക്കഷണം: മിറക്കിൾ പ്രതീക്ഷിക്കരുത്
റേറ്റിംഗ്: 3/5