trump
വാഷിംഗ്ടൺ: ഇന്ത്യയേയും ചൈനയേയും പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് നൽകിവരുന്ന സബ്സിഡികൾ നിറുത്തണമെന്ന് അമേരിക്കൻ പ്രസിഡ‌ന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയെ വലിയൊരു സാമ്പത്തിക ശക്തിയാകാൻ അനുവദിക്കുന്ന ലോകവ്യാപാര സംഘടനയുടെ നടപടിയേയും ട്രംപ് വിമർശിച്ചു. വടക്കൻ ഡക്കോട്ടയിൽ ഫണ്ട് റെയിസിംഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

വളർന്നുകൊണ്ടിരിക്കുന്ന രാജ്യ​ങ്ങളായാണ് ഇന്ത്യയേയും ചൈനയേയുമൊക്കെ അമേരിക്ക കാണുന്നത്. പൂർണത കൈവരിക്കാത്ത രാജ്യങ്ങൾക്കാണ് അമേരിക്ക സബ്‌സിഡി നൽകുന്നത്. ഇന്ത്യയും ചൈനയും അതിവേഗം വികസിക്കുന്ന രാജ്യങ്ങളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നിട്ടും അവർ അമേരിക്കയുടെ സബ്‌സിഡി വാങ്ങുന്നുണ്ട്- ട്രംപ് പറ‌ഞ്ഞു.

ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് പണം നൽകുന്നു എന്ന് പറയുന്നത് തന്നെ തമാശയായി തോന്നുന്നു. അതിവേഗം വികസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഇനി പണം നൽകേണ്ടതില്ല. അമേരിക്കയും വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ്. അതിനാൽ തന്നെ മറ്റ് രാജ്യങ്ങൾക്ക് സബ്‌സിഡി നൽകുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ലോകവ്യാപാര സംഘടന എക്കാലത്തേയും മോശമായ അവസ്ഥയിലാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ചൈനയെ ഒന്നാം നന്പർ സാമ്പത്തിക ശക്തിയാകാൻ അനുവദിക്കുകയാണ് ലോകവ്യാപാര സംഘടന ചെയ്യുന്നത്.