കൊച്ചി: 'ഞങ്ങളുടെ സഹോദരിക്കുവേണ്ടി ഞങ്ങൾ ഇറങ്ങി...' ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കൊച്ചി ഹൈക്കോടതി ജംഗ്ഷനിഷൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പ്രതികരിച്ചു. ഒരു പക്ഷെ, സഭാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പൊതുവേദിയിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നത്. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നിൽക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്നുണ്ട്. സഭയെ നവീകരിക്കാൻ ശ്രമിക്കുന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിലാണ് സമരത്തിന്റെ സംഘാടകർ.
സർക്കാരും പൊലീസും ഞങ്ങളുടെ കൂടെ നിന്നില്ല, ഇനി കോടതിയാണ് ആശ്രയമെന്നും ധർണയിൽ പങ്കെടുത്ത കന്യാസ്ത്രീകൾ പറഞ്ഞു.കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റും (കെ.സി.വൈ.എം) ബിഷപ്പിനെതിരെ തിരിഞ്ഞു. അതേസമയം ഈ മാസം അവസാനം റോമിൽ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിൽ പങ്കെടുക്കാൻ ബിഷപ്പ് ഫ്രാങ്കോ പോകാനുള്ള തയാറെടുപ്പിലാണെന്ന് അറിയുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ബിഷപ്പ് ഫ്രാങ്കോക്ക് പോവാൻ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കെ.സുഭാഷിന്റെ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റ ചിലരുടെയും ഉന്നത സ്വാധീനം ഉപയോഗിച്ച് രാജ്യം വിട്ടുപോവാൻ സാധ്യതയേറെയാണെന്ന് പീഡനത്തിന് വിധേയയായ കന്യാസ്ത്രിയുടെ ബന്ധുക്കളും പറയുന്നു.
ബിഷപ്പിനെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതിൽ സഭയ്ക്കുള്ളിലും അമർഷം പുകയുകയാണ്. സഭയുടെ സത്‌പേരിന് കളങ്കം വരുത്തിയ ബിഷപ്പിനെ മാറ്റി നിർത്തി അന്വേഷണം നടക്കുന്നതിന് സഹകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് സഭാ നേതൃത്വത്തോട് അടുപ്പമുള്ളവർ പറയുന്നു. എന്നാൽ സഭാ നേതൃത്വം മനസ് തുറക്കുന്നില്ല.
കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെ നിയമനടപടികൾക്ക് വിധേയമാക്കണമെന്ന് കെ.സി.വൈ.എം. എറണാകുളംഅങ്കമാലി അതിരൂപതാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ട് മാസം രണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അന്വേഷണ സംഘം പ്രതികളുടെയും വാദികളുടെയും മൊഴികൾ മാറിമാറി രേഖപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതേസമയം, ബിഷപ്പിനെതിരെ തെളിവുകളുണ്ടെങ്കിൽ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് അതിരൂപത വൈസ് പ്രസിഡന്റ് ഹിൽഡ സെബാസ്റ്റ്യൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മാതൃകാപരമായി ശിക്ഷിക്കണം. പരാതി കിട്ടിയിട്ട് മൂടിവച്ചാൽ അത് സഭക്ക് നാണക്കേടാവും. മധ്യസ്ഥ ശ്രമം പോലും നടത്താൻ പാടില്ലാത്തതാണ്. അങ്ങനെ ശ്രമിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.