തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന പച്ചക്കറികളാണ് ശീതകാല പച്ചക്കറികളെന്നറിയപ്പെടുന്നത്. തണുപ്പിനുപരി മഴയില്ലാതെ അന്തരീക്ഷാദ്രതയും പകലിന്റെ ദൈർഘ്യവും കുറഞ്ഞതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നവയാണ് ഈ സസ്യങ്ങൾ. ശീതകാല പച്ചക്കറികൾ ഒട്ടുമിക്കതും ദ്വിവർഷി ( Biennial) സസ്യങ്ങളാണ്. വിത്തിൽനിന്നും വിത്തുവരെയുളള കാലയളവ് രണ്ടു കാലം/ കൊല്ലം. എന്നാൽ പച്ചക്കറിയാവശ്യത്തിന് ഇവ ഏകവർഷി (Annual) യാണ്. കേരളത്തിൽ മാറിവരുന്ന കാലാവസ്ഥയിൽ (കുറഞ്ഞ മഴയും ആർദ്രതയും, നവംബർ മാസം മുതൽ ലഭ്യമാകുന്ന ചെറിയ തണുപ്പും) ഇപ്പോൾ ഇടനാടുകളിലും സമതലങ്ങളിലും എന്നല്ല തീരപ്രദേശങ്ങളിൽപോലും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ശീതകാല പച്ചക്കറികൾ ആദായകരമായി നട്ടുവളർത്താവുന്നതായി കാണുന്നു.
ക്യബേജ്, കോളിഫ്ളവർ, കിഴങ്ങുവർഗ വിളകളായ ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, ഉളളി വർഗങ്ങളായ സവാള, ചെറിയ ഉളളി, വെളുത്തുളളി, പയറുവർഗ്ഗങ്ങളായ ബീൻസ്, എന്നിവയാണ് നമ്മുടെ കാലാവസ്ഥയിൽ യോജിച്ചവ. കേരളത്തിൽ ശീതകാലപച്ചക്കറികളുടെ വിത്തുത്പാദനം ഒരു പ്രധാന പ്രശ്നമാണ്. നമ്മുടെ കാലാവസ്ഥയിൽ വിജയകരമായി വിത്തുത്പാദനം സാധ്യമല്ല. അതിനാൽ ആവശ്യമുളള വിത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിത്തുത്പാദക കേന്ദ്രത്തിൽനിന്നും കലേക്കൂട്ടി സംഭരിക്കേണ്ടതാണ്. ക്യബേജ്, കോളിഫ്ളവർ കൃഷിരീതികളെക്കുറിച്ച് നോക്കാം ഈ ലക്കത്തിൽ .
ക്യബേജ്
ശാസ്ത്രനാമം : ബ്രാസിക്ക ഒളറേസിയ വെറൈറ്റി ക്യാപിറ്റേറ്റ
കടുക് വർഗത്തിൽപ്പെടുന്ന ഈ പച്ചക്കറി 'മുട്ടക്കോസ് ' എന്ന് കേരളത്തിൽ അറിയപ്പെട്ടിരുന്നു. വിറ്റാമിൻ എ, കരോട്ടിൻ എന്നിവ കൂടുതലുണ്ട്. പുറത്തെ ഇലകളിൽ അകത്തുളളതിനേക്കാൾ 50 ഇരട്ടി കരോട്ടിൻ ഉണ്ട്. ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, പ്രൈഡ് ഓഫ് ഇന്ത്യ, സെലക്ഷൻ8, അമേരിക്കൻ മോണാർക്ക്, പൂസ ഡ്രംഹെഡ് എന്നിവ നമ്മുടെ കാലാവസ്ഥയിൽ നട്ടുവളർത്താവുന്ന മേൽത്തരം ഇനങ്ങളാണ്.
കോളിഫ്ളവർ
ശാസ്ത്രനാമം : ബ്രാസിക്ക ഒളറേസിയ വെറൈറ്റി ബോട്ട്റൈറ്റിസ്
ഒരു കാലത്ത് കോളിഫ്ളവർ കേരളത്തിലെ ഉന്നതസമൂഹത്തിന്റെ രാജകീയ ആഹാരമായിരുന്നു. ഇന്ന് ഇത് സാധാരണക്കാരുടെയും പ്രത്യേകിച്ച് ഇടത്തരക്കാരുടെയും ഒരു പച്ചക്കറിയായിരിക്കുന്നു. ഇതിന്റെ പോഷകഗുണം തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം കേരളീയർ പല വിധത്തിലും ഇതിനെ പാചകംചെയ്ത് ഉപയോഗിക്കുന്നത്. കേരളത്തിനനുയോജ്യമായ ഇനങ്ങൾ പട്ടിക 1 ൽ വിവരിക്കുന്നു. മേൽത്തരം കർഡ് (അവികസിത പുഷ്പമുകുളം) ഉണ്ടാകുന്നതിന് ഒരോ ഇനത്തിനും യോജിച്ച കൃത്യമായ താപനില ആവശ്യമാണ്.
കേരളത്തിന് അനുയോജ്യമായ കോളിഫ്ളവർ ഇനങ്ങൾ
വിഭാഗം താപനില ഇനം
മൂപ്പ് കുറഞ്ഞവ 20 -27 ഏർളി കുംവാരി,
പൂസ കത്കി
പൂസ ദീപാലി
ഇടത്തരം മൂപ്പുള്ളവ 12- 19 ഇംപ്രൂവ്ഡ്
ജാപ്പനീസ് , പന്ത്
ശുഭ്ര , പൂസ
ഹിമ്‌ജോതി
പഞ്ചാബ് ജയിന്റ്
മൂപ്പ് കൂടിയവ 10 - 16 ഡാനിയ, പൂസ
സ്‌നോബോൾ
കാബേജിന്റെയും കോളിഫ്ളവറിന്റെയും കൃഷി ഏകദേശം ഒരേ രീതിയിലാണ്. കടുക് പോലെയുളള വിത്ത് ഒരു സെന്റ് സ്ഥലത്തിന് 5 ഗ്രാം എന്ന തോതിൽ നഴ്സറിയിൽ പാകി 30- 40 ദിവസം പ്രായമായ തൈകൾ പറിച്ചുനടുന്നു. ഒക്ടോബർ മധ്യത്തോടെ നല്ല തവാരണയുണ്ടാക്കി മണ്ണ്, മണൽ, കാലിവളം എന്നിവ 1 :1 :1 എന്ന അനുപാതത്തിൽ ചേർത്തശേഷം ഫൈറ്റോലാൻ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് എന്ന കുമിൾനാശിനി 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലർത്തിയ ലായിനി നന്നായൊഴിച്ച് ഇളക്കിയിടണം. ജൈവരീതിയിലാണ് നഴ്സറി ഒരുക്കേണ്ടതെങ്കിൽ മിത്ര ബാക്ടീരിയ, സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ) കലക്കിയ ലായിനി തവാരണയിൽ ഒഴിച്ച് മണ്ണ് കുതിർക്കേണ്ടതാണ്. 5 ദിവസത്തിനകം വിത്ത് പാകുന്നതാണ് നല്ലത്. 5 മുതൽ 7 ദിവസം കൊണ്ട് വിത്ത് മുളയ്ക്കുന്നതാണ്. തൈ പറിച്ചു നടുന്നതിനുമുമ്പായി തവാരണ വെളളമൊഴിച്ചു കുതിർക്കുവാനും വേരുപടലം മുറിയാതെ പിഴുതെടുക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.
തൈ പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം, ഇളക്കവും നീർവാർച്ച സൗകര്യവുമുളള മണ്ണ് എന്നിവ കണിശമായും വേണ്ടതാണ്. ഒരടി വീതിയിലും അരയടി താഴ്ചയിലും ആവശ്യാനുസരണം നീളത്തിലുമുളള ചാലുകൾ 2 അടി അകലത്തിൽ തയ്യാറാക്കണം. സെന്റിന് 100 കി.ഗ്രാം ചാണകവും 50 കി.ഗ്രാം ചാരവും എന്ന തോതിൽ മേൽമണ്ണുമായി കലർത്തി ചാലിലിട്ട് മൂടണം.തൈനട്ട് 15 ദിവസം കഴിഞ്ഞ് സെന്റിന് ഒരു കി.ഗ്രാം എന്ന തോതിൽ ഫാക്ടംഫോസും 500 ഗ്രാം എന്ന തോതിൽ പൊട്ടാഷും നൽകണം. 30 ദിവസം കഴിഞ്ഞ് ഈ വളപ്രയോഗം ഒന്നുകൂടി ആവർത്തിക്കണം. ഒരോ വളപ്രയോഗം കഴിഞ്ഞും ചാലിൽ മണ്ണുയർത്താൻ ശ്രദ്ധിക്കണം. മഴയില്ലെങ്കിൽ ഒന്നിടവിട്ട് ദിവസങ്ങളിൽ നനയ്ക്കുകയും വേണം. ക്യാറ്റർപില്ലർ, ഇലപ്പേൻ, ഒച്ച് എന്നിവയുടെ ആക്രമണം ക്യബേജിലും കോളിഫ്ളവറിലും പൊതുവേ കണ്ടുവരുന്നുണ്ട്. രണ്ടു ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഉപയോഗിച്ച് ക്യാറ്റർപില്ലറിനേയും ഇലപ്പേനിനെയും നിയന്തിക്കുമ്പോൾ ഉപ്പുപ്പൊടി വിതറി ഒച്ചിനെ തടയാവുന്നതാണ്.
ഡോ. എൽ. രാജാമണി
പ്രൊഫസർ, ഹോർട്ടിക്കൾച്ചർ (റിട്ടേർഡ്)
9447120671, rajamonyl1955@gmail.com
ഡോ. കെ. എം. അബ്ദുൾ ഖാദർ
പ്രൊഫസർ, പ്ലാന്റ് ബ്രീഡിങ്ങ് & ജെനറ്റിക്സ് (റിട്ടേർഡ്)
9847145010, kmakhader@gmail.com