ന്യൂഡൽഹി: 2019ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം. മോദിയെ എതിർക്കുന്ന പ്രതിപക്ഷം നേതാവില്ലാത്ത അവസ്ഥയിലാണെന്നും രണ്ടുദിവസത്തെ യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
2022ഓടെ പുതിയ ഇന്ത്യ എന്ന ആശയം ബി.ജെ.പി യാഥാർത്ഥ്യമാക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന പാസാക്കി. 2019ൽ അധികാരത്തിൽ വരാമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷ ദിവാസ്വപ്നം മാത്രമാണെന്നും ജാവഡേക്കർ പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വികസനങ്ങൾക്ക് കണക്കില്ല. വ്യക്തമായ കാഴ്‌ചപ്പാടും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും സർക്കാരിനുണ്ടെന്ന് തെളിഞ്ഞു. 2022ആകുന്പോഴേക്കും രാജ്യത്തെ ഭീകരത്, ജാതീയത, വർഗീയത എന്നിവയിൽ നിന്ന് മോചിപ്പിക്കാനാകും. മാത്രമല്ല, വീടില്ലാത്ത ആരും തന്നെ ഉണ്ടാവുകയുമില്ല.
പ്രതിപക്ഷത്തിന് നയദാരിദ്ര്യമാണ്. ശരിയായ നയമോ നേതാവോ ഇല്ലാതെ നിരാശഭരിതരും ഇച്ഛാഭംഗം സംഭവിച്ചവരുമായി പ്രതിപക്ഷം മാറിക്കഴിഞ്ഞു. നരേന്ദ്ര മോദിയെ തടയുക എന്ന ഏക ലക്ഷ്യമാണ് അവർക്കുള്ളത്. എന്നാൽ, രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയാണ് നരേന്ദ്ര മോദി. നാല് വർഷം പിന്നിടുന്പോൾ മോദി 70 ശതമാനത്തിന് മുകളിൽ പേരുടെ അംഗീകാരം നേടിക്കഴിഞ്ഞുവെന്നും ജാവഡേക്കർ പറഞ്ഞു.