ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. 6-3, 7-6 (7/4), 6-3 എന്ന സ്‌കോറിനായിരുന്നു ജുവാൻ മാർട്ടിൻ ഡെൽപോട്രോയെ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. കരിയറിലെ മൂന്നാം യു.എസ് ഓപ്പൺ കിരീടത്തോടെ 14 ഗ്രാൻഡ് സ്ലാമുകൾ നേടുന്ന താരമെന്ന പീറ്റ് സാംപ്രസിന്റെ റെക്കാഡിനൊപ്പവും ജോക്കോവിച്ച് എത്തി. 2011, 2015 വർഷങ്ങളിലാണ് ജോക്കോവിച്ച് ഇതിന് മുമ്പ് യു.എസ് ഓപ്പൺ കിരീടം നേടിയത്.
ആദ്യ സെറ്റ് 6-3ന് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ പോരാട്ടം കടുത്തു. പോരാട്ടത്തിനൊടുവിൽ 7-6 എന്ന സ്‌കോറിന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി, മൂന്നാം സെറ്റ് 6-3ന് സ്വന്തമാക്കിയാണ് മൂന്നാം യു.എസ് ഓപ്പണിൽ മുത്തമിട്ടത്.
2009ൽ സെമിയിൽ റാഫേൽ നദാലിനെയും ഫൈനലിൽ റോജർ ഫെഡററെയും വീഴ്‌ത്തി യു.എസ് ഓപ്പൺ കിരീടം നേടിയ താരമാണ് ഡെൽപോട്രോ.