ന്യൂഡൽഹി: ഇന്ധന വില വർദ്ധന കുതിച്ചു കയറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. ഡൽഹി ജന്തർമന്ദിറിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മോദി പലപ്പോഴും വാചാലനാകാറുണ്ട്. എന്നാൽ ഇന്ധന വില വർദ്ധനയെ കുറിച്ചോ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ചോ മോദി ഒരു വാക്ക് പോലും സംസാരിക്കാറില്ല. എന്തുകൊണ്ടാണ് അദ്ദേഹം മൗനം പാലിക്കുന്നതെന്ന് മനസിലാകുന്നില്ല - രാഹുൽ പറഞ്ഞു.
ഏഴ് പതിറ്റാണ്ടിനിടെ രാജ്യത്ത് സംഭവിക്കാത്ത കാര്യം നാല് വർഷം കൊണ്ട് സംഭവിക്കുമെന്നാണ് മോദി പറഞ്ഞത്. അത് ശരിയാണ്. നാല് വർഷം കൊണ്ട് ജനങ്ങൾ ഭിന്നിപ്പിക്കപ്പെട്ടു. സംസ്ഥാനങ്ങൾ തമ്മിൽ ശത്രുതയിലായി. രൂപയുടെ വില ഏറ്റവും മോശം നിലവാരത്തിലെത്തി. 70 വർഷത്തിനിടെ ഏറ്റവും ഉയർന്ന വിലയാണ് പെട്രോളിനും ഡീസലിനും. ബി.ജെ.പിയുടെ നാല് വർഷത്തെ ഭരണ നേട്ടങ്ങൾ ഇതൊക്കെയാണ്.
കേന്ദ്രത്തിലെ ജനദ്രോഹ സർക്കാരിനെ പ്രതിപക്ഷം താഴെയിറക്കും. മോദിയുടെ പ്രസംഗങ്ങൾ കൊണ്ട് രാജ്യം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷമുണ്ട്. അതിന് വേണ്ടിയാണ് പ്രതിപക്ഷം പാർട്ടികൾ ഇന്ന് ഒരേ വേദിയിൽ ഇരിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടാണ്, ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ തങ്ങൾ ഒന്നിച്ച് നിൽക്കുമെന്നും രാഹുൽ പറഞ്ഞു.