
ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കാൻ സമയമായെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സർവ സീമകളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വർദ്ധനയ്ക്കെതിരെയുള്ള ഭാരത് ബന്തിന്റെ ഭാഗമായുള്ള പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിനെ പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ വൈരം മറന്ന് യോജിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിന് ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് കർഷകരുടേയും ചെറുകിട വ്യവസായികളുടേയും യുവാക്കളുടേയും ദീനരോദനങ്ങൾ ഉയരുകയാണ്. അധികാരത്തിൽ ഏറിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യം പ്രകടമാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഇന്ധന വിലയും പാചകവാതക വലിയും കുതിച്ചു കയറുന്പോഴും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.