china-child

ബീജിംഗ്: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെട്ടിടത്തിന്റെ ചുമരിലൂടെ വലിഞ്ഞ് കയറിയാണ് യുവാക്കൾ കുട്ടിയെ രക്ഷിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഈ യുവാക്കൾ. ചൈനയിലെ ജിയാൻഗ്ഷു പ്രവിശ്യയിലെ ചാങ്ഷു നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ചാങ്ഷു തെരുവിലൂടെ കാറിൽ പോകുമ്പോഴാണ് നാല് നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ ഒരു കുട്ടി കുടുങ്ങി കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് ഇരുവരും കാർ നിർത്തുകയും കുട്ടിയെ രക്ഷിക്കുന്നതിനായി കെട്ടിടത്തിന്റെ മുകളിലേക്ക് വലിഞ്ഞ് കയറുകയുമായിരുന്നു. കെട്ടിടത്തിലെ ജനാലകളിൽ ചവിട്ടിയാണ് യുവാക്കൾ കുട്ടിയുടെ അടുത്തെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് ജനാലയ്ക്കുള്ളിലൂടെ കുട്ടിയെ വീടിനുള്ളിലേക്ക് എത്തിച്ചു.

വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ തനിച്ചാക്കി വീട്ടുകാർ പുറത്തു പോയിരിക്കുകയായിരുന്നു. ഉറക്കമുണർന്നപ്പോൾ വീട്ടിൽ ആരേയും കാണാത്തതിനാൽ ജനാല തുറക്കുന്നതിനിടെയാണ് കുട്ടി ബാൽക്കെണിയിലേക്ക് തെന്നി വീണത്. മകളെ രക്ഷിച്ച യുവാക്കളോട് കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു.