ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസ് പ്രതികളായ അനിക് ഷഫീക് സൈദ്, മുഹമ്മദ് അക്ബർ ഇസ്‌മയിൽ ചൗധരി എന്നിവർക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതി താരിക് അൻജുമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2007ൽ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തിയ പ്രതികൾക്ക് ഡൽഹിയിലും മറ്റിടങ്ങളിലും അഭയം നൽകി എന്നാണ് അൻജുമിനെതിരെ നിലനിൽക്കുന്ന കുറ്റം.
കേസിലെ മറ്റ് പ്രതികളായ ഫറൂഖ് ഷറഫുദ്ദീൻ തർകാഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു. എന്നാൽ മറ്റ് കേസുകളിൽ പ്രതികളായതിനാൽ ഇവരുടെ ജയിൽവാസം തുടരും. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ ഇക്ബാൽ ഭട്കൽ, റിയാസ് ഭട്കൽ എന്നിവരാണ് മറ്റു പ്രതികൾ. ഇവരെ കണ്ടെത്താനായിട്ടില്ല.
2007 ആഗസ്റ്റ് 25നാണ് പൂനെയിലെ കംപ്യൂട്ടർ ഷോപ്പ് ഉടമയായ അനീഖ് ഷഫീഖ്, റിയാസ് ഭട്കൽ, ഇസ്‌മയിൽ ചൗധരി എന്നിവർ ഹൈദരാബാദിലെ വിവിധയിടങ്ങളിലായി ബോംബ് വച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോകുൽ ചാട്ട് ഭക്ഷണശാലയിൽ നടന്ന സ്ഫോടനത്തിൽ 32 പേരും ലുംബിനി പാർക്കിലെ തിയേറ്ററിൽ നടന്ന സ്‌ഫോടനത്തിൽ 12 പേരുമാണ് കൊല്ലപ്പെട്ടത്. ഇരു സ്ഫോടനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപമായിരുന്നു. അതേസമയം, കോടതി വിധി അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അനീക്ക് സെയിദിന്റെ അഭിഭാഷകനായ ഗന്ധാം ഗുരുമൂർത്തി പ്രതികരിച്ചു.