.തിരുവനന്തപുരം: നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. വായ് മൂടെടാ പി.സി എന്ന ഹാഷ് ടാഗോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെല്ലോടാപ്പ് വച്ച് പി.സി ജോർജിന്റെ വാ മൂടിക്കെട്ടിയ ഫോട്ടോയും ഇതിനെപ്പം ചേർത്ത് വച്ചിട്ടുണ്ട്.
''പി സി ജോർജിന്റെ വായിൽ നിന്നും നിർലജ്ജം പുറപ്പെട്ടു കൊണ്ടിരിക്കുന്ന അമേദ്യം സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കുറച്ച് സെല്ലോടാപ്പ് വച്ച് വായ മൂടണം സാറേ. നിങ്ങളുടെ വായ മൂടാൻ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പ്. #വായമൂടൽ
#വായമൂടെടാPC""- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാക്കുകൾ ആണിത്.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ക്യാംപയ്ൻ ശക്തമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പി.കെ ശശി വിവാദത്തിലുമെല്ലാം സ്ത്രീകളെ മോശമായി പരാമർശിച്ച് കൊണ്ട് പി.സി ജോർജ് സംസാരിച്ചിരുന്നു.