ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ഇന്ധന വില വർദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കോൺഗ്രസ് ദേശീയ തലത്തിൽ ഇത്തരം ഒരു പ്രക്ഷോഭം നടത്തിയതിലൂടെ ഭരണം നിലനിർത്താൻ ഒരുങ്ങുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് അടിത്തിരിക്കെ പെട്രോൾ വില വർദ്ധനവിനെതിരെ ദേശീയ തലത്തിൽ കേന്ദ്രഭരണത്തിനെതിരെ ഒരു വികാരം ഉണ്ടാക്കാൻ സാധിച്ചൂ എന്ന് മാത്രമല്ല, പ്രതിപക്ഷ എെക്യനിരയുടെ ശക്തിപ്രകടനത്തിനും ഇന്നത്തെ പ്രക്ഷോഭത്തിലൂടെ സാദ്ധ്യമായി.
ഡൽഹിയിൽ നടന്ന ധർണയിൽ 21 എൻ.ഡി.എ ഇതര കക്ഷികളാണ് അണി നിരന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ കൂടാതെ എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ, ലോക് താന്ത്രിക് ജനതാദൾ അദ്ധ്യക്ഷൻ ശരത് യാദവ് എന്നിവരും പ്രതിപക്ഷ എെക്യത്തിന് കരുത്തേകാൻ ധർണയ്ക്കെത്തിയിരുന്നു. കോൺഗ്രസിനെ ശക്തമായി വിമർശിച്ചിരുന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസിന്റെ സമരത്തിൽ അണിനിരന്നത് ബി.ജെ.പിക്ക് ശുഭസൂചനയല്ല നൽകുന്നത്. അതേസമയം, ഇടതു പാർട്ടികൾ സ്വന്തം നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പതിവിൽ നിന്ന് വിപരീതമായി ഹർത്താലിന് ശക്തമായ പിന്തുണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്. ഗുജറാത്ത്, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, കർണാടക, ബംഗാൾ, പഞ്ചാബ്, മദ്ധ്യപ്രദേശ്, മണിപ്പൂർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. സാധാരണ ഹർത്താലുകൾ ബാധിക്കാതിരുന്ന മുംബയിലും ശക്തമായ പ്രതിഷേധ പരിപാടികളാണ് നടന്നത്. കോൺഗ്രസിനും എൻ.സി.പിക്കും പുറമെ രാജ് താക്കറെയുടെ എം.എൻ.എസും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ പലയിടങ്ങളിലും ഹർത്താൽ സംഘർഷഭരിതമായി.