aiswarya-lakshmi

ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്‌മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരം കോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിശാലിനെ നായകനാക്കി സുന്ദർ.സി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തമിഴ് സിനിമാ പ്രവേശനം.

തെന്നിന്ത്യൻ സുന്ദരി തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. ആക്ഷൻ റോളായിരിക്കും ചിത്രത്തിൽ തമന്നയ്‌ക്ക്  എന്നാണ് അറിയുന്നത്. വളരെ നല്ല വേഷമാണ് ചിത്രത്തിൽ തനിക്ക് ലഭിച്ചിരിക്കുന്നതെന്നും, തിരക്കഥ വളരെയധികം ഇഷ്‌ടമായതുകൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന 'വരത്തൻ', ആസിഫ് അലി ചിത്രം 'വിജയ് സൂപ്പറും പൗർണമിയും' എന്നിവയാണ് ഇനി ഐശ്വര്യയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അർജന്റീന ഫാൻസ് കാട്ടൂർകടവിൽ' കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്.