alwin
തൃശൂർ: ചുവര് കണ്ടാൽ അഞ്ചരവയസുകാരൻ ആൽവിന് ഇരിപ്പുറയ്ക്കില്ല. മിനുസമുള്ള പ്രതലത്തിലൂടെ അള്ളിപ്പിടിച്ചു കയറണം. സിനിമയിൽ ബാഹുബലിയുടെ മലകയറ്റംകണ്ടതാണ് കുഞ്ഞുമനസിന് ചുവരിൽ കയറാൻ പ്രേരണയായത്. കോണിയോ, തളപ്പോ ഇല്ലാതെ ചിലന്തിയെപ്പോലെ കൈ അമർത്തിപ്പിടിച്ച് ചുവരിൽ കയറുന്ന ആൻവിന് സമൂഹമാദ്ധ്യമങ്ങൾ ഒരു പേരിട്ടു. കൊച്ചു സ്‌പൈഡർമാൻ.

തലക്കോട്ടുകര കനാൽപ്പാലത്തിനടുത്ത് താമസിക്കുന്ന ഇന്റീരിയർ ഡിസൈനറായ അച്ഛൻ ബിജു വടക്കൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ആൽവിന്റെ ചുവർകയറ്റം നാട്ടുകാരും സുഹൃത്തുക്കളും ഏറ്റുപിടിച്ചു. പലരും ഷെയർ ചെയ്തു. ചിലർ വാട്ട്സ് ആപ്പ് വഴി വൈറലാക്കി. ചിലർ ചോദിക്കുന്നു ഇവന് എന്താണ് കഴിക്കാൻ കൊടുക്കുന്നതെന്ന്...?.

പുലിമുരുകൻ, ബാഹുബലി തുടങ്ങിയ സിനിമകളോടാണ് ആൽവിന്  പ്രിയം. മൂന്നാംവയസിലാണ് സ്‌പൈഡർമാൻ സ്‌റ്റൈലിൽ ചുവർ കയറാനുള്ള പരിശ്രമം തുടങ്ങിയത്. അപകടസാദ്ധ്യതയുള്ളതിനാൽ വീട്ടുകാർ എതിർത്തെങ്കിലും ആരും കാണാതെ ആൽവിൻ പരിശ്രമം തുടർന്നു. മുറ്റത്ത് ഷീറ്റ് മേയാൻ സ്ഥാപിച്ച ഇരുമ്പുതൂണിന്റെ മുകളറ്റംവരെ കയറും. മുകളിൽ തൂങ്ങിക്കിടന്ന് പുഷ് അപ്പ് ചെയ്യും. ഒന്നിന്റെയും സഹായമില്ലാതെ ആൽവിൻ ചുവര് കയറിപ്പോകുന്നത് അടുത്തിടെയാണ് ബിജുവിന്റെ ജ്യേഷ്ഠൻ ബാബു കണ്ടത്. ബാബു വീട്ടിലെ മറ്റുള്ളവരോട് പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആൽവിനും സന്തോഷവാനായി..

ബന്ധുക്കൾക്കെല്ലാം ഇപ്പോൾ ലൈവായി കാണേണ്ടത് ആൽവിന്റെ ചുവർ കയറ്റമാണ്. വീണാലോ എന്നുകരുതി ആൽവിന്റെ അമ്മ ജെൻസി രണ്ടു തലയിണ അടിയിൽ കൊണ്ടുവയ്ക്കും. മുണ്ടൂർ സെന്റ് മേരീസ് എൽ.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ ആൽവിൻ സ്‌കൂളിൽ ഡീസന്റാണ്. വികൃതിത്തരങ്ങൾ അവിടെ കാണിക്കില്ല. ആറരവയസുകാരിയായ ജ്യേഷ്ഠത്തി ആൽബിയയാണ് വീട്ടിലും സ്‌കൂളിലും ആൽവിന്റെ കൂട്ട്.