താമസം ഇടപ്പള്ളിയിലാണെങ്കിലും സിനിമയിലെന്നും ഫോർട്ടുകൊച്ചിക്കാരനായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നടനുണ്ട് മലയാളത്തിൽ. മനസിൽ അല്പം പോലും കളങ്കമില്ലാത്ത, സ്‌നേഹിക്കാൻ മാത്രമറിയുന്ന മച്ചാന്മാരുടെ നാടാണ് ഫോർട്ടുകൊച്ചിയെന്ന് ആ പയ്യൻ, ബാലുവർഗീസ് സാക്ഷ്യപ്പെടുത്തുന്നു.
ആഗ്രഹിച്ചാണോ സിനിമയിലെത്തിയത്?
സിനിമാ കുടുംബമാണ് ഞങ്ങളുടേത്. അമ്മയുടെ ജ്യേഷ്ഠനാണ് നടനും സംവിധായകനുമായ ലാൽ. അച്ഛൻ ലാൽ ക്രിയേഷൻസിന്റെ ജനറൽ മാനേജരാണ്. അതുകൊണ്ടു തന്നെ സിനിമ കണ്ടും അറിഞ്ഞുമാണ് വളർന്നത്. അപ്പനും അമ്മയ്ക്കും സിനിമാ ഭ്രാന്താണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ദിലീപേട്ടൻ നായകനായ 'ചാന്തുപൊട്ടി'ൽ. ലാൽ അങ്കിളായിരുന്നു നിർമ്മാതാവ്. ഇന്ദ്രജിത്ത് ചേട്ടന്റെ ചെറുപ്പകാലം ചെയ്യാനാണ് എന്നെ വിളിച്ചത്. ആദ്യ ഷോട്ടിൽ തന്നെ ഓകെയായി. നന്നായെന്ന് ലാൽ ജോസ് സാർ പറഞ്ഞു. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് ഇന്നും കൈവിടാതെ കൊണ്ട് നടക്കുന്നത്.
എപ്പോഴും കാണുന്നത് ഈ താടിയിലാണല്ലോ?
എന്നെ കാണുമ്പോൾ എല്ലാവരും ചോദിക്കുന്നതാണത്. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പണ്ട് മുതൽക്കേ താടി വളർത്തുന്നവരാണ് . ലാലങ്കിളും മകൻ ജീൻപോളുമെല്ലാം താടിക്കാരാണ്. താടിവളർത്തുന്നത് ഇഷ്ടമാണ്. ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സംവിധായകർ താടിയെടുക്കാൻ പറയും. താടിയെടുത്താൽ മുട്ട പുഴുങ്ങിയതുപോലെയാണ് എന്നെ കാണാൻ.
ആസിഫ് അലിയുമായി നല്ല കെമിസ്ട്രിയാണല്ലോ?
മൂന്നു ചിത്രങ്ങളിലേ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. പക്ഷേ പത്തു ചിത്രങ്ങളിൽ അഭിനയിച്ച ഫീലാണ് പ്രേക്ഷകർക്ക് .ഹണീബിയിൽ ഞാൻ അവതരിപ്പിച്ച ആബ്രോസ് എന്ന കഥാപാത്രം ആസിഫിന്റെ സെബാനെ വിളിക്കുന്നത് മച്ചാനെന്നാണ്. സിനിമയ്ക്ക് പുറത്തും ഞങ്ങൾ മച്ചാൻ എന്നാണ് പരസ്പരം വിളിക്കുന്നത്. ആസിഫിനോട് എന്തും തുറന്നു സംസാരിക്കാം.ചിലപ്പോൾ നല്ല ഉപദേശങ്ങൾ തന്ന് വഴികാട്ടുന്ന ഒരു ജ്യേഷ്ഠസഹോദരനാണ്. മറ്റുചിലപ്പോൾ നമ്മളോടൊപ്പം അടിച്ചുപൊളിക്കുന്ന അടുത്ത സുഹൃത്ത്.
സംവിധാനം ചെയ്യുമോ?
അങ്ങനെയൊരു ആഗ്രഹമുണ്ട്. പക്ഷേ തത്കാലമില്ല. ഹണീബിയിൽ ആദ്യമെത്തുന്നത് സംവിധാന സഹായിയായിട്ടാണ്. പിന്നീടാണ് ആംബ്രോസ് എന്ന കഥാപാത്രം ചെയ്യാൻ ജീൻ ചേട്ടൻ നിർബന്ധിച്ചത്.
ചങ്ക്സിലൂടെ നായക നിരയിലേക്ക് വന്നല്ലോ?
സത്യത്തിൽ നായകൻ എന്നൊരു തോന്നൽ എനിക്കുണ്ടായില്ല. പതിവിൽ കൂടുതൽ സമയം സെറ്റിൽ ചെലവഴിക്കേണ്ടി വന്നു. അത്രയേ ഉള്ളൂ. നായിക ഹണീ റോസാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായ ഒരാൾ എന്റെ നായികയായപ്പോൾ ഞെട്ടാതിരിക്കുന്നത് എങ്ങനെ? ശരിക്കും നന്ദിപറയേണ്ടത് സംവിധായകൻ ഒമർ ലുലുവിനോടാണ്. യുവാക്കളുടെ പൾസ് അറിയുന്ന സംവിധായകനാണ് അദ്ദേഹം. നായകനായതിന് ശേഷം ആരും എന്നെ ചെറിയ വേഷങ്ങൾക്ക് വിളിക്കാതെയായി. സത്യത്തിൽ നായകനാകാൻ എനിക്ക് അത്ര താത്പര്യമില്ല. നല്ല കാരക്ടർ റോളുകൾ ചെയ്യാനാണ് ഇഷ്ടം.
പഠനം?
ഇപ്പോൾ എം.ബി.എ ചെയ്യുന്നു. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലോ ബാങ്കിലോ മറ്റോ ജോലിക്കു കയറേണ്ടി വന്നേനെ. ഭാഗ്യത്തിന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയിൽ തന്നെ എത്താൻ സാധിച്ചു.
സിനിമയിലെ സൗഹൃദങ്ങൾ?
എല്ലാവരുമായി വളരെ പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ടു തന്നെ ഞാൻ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലെയും നടീ നടന്മാരുമായി നല്ല കമ്പനിയാണ്. ആസിഫ്, ടൊവിനോ തോമസ്, ഗണപതി തുടങ്ങിയവരെല്ലാം കട്ട ഫ്രണ്ട്സാണ് .
സ്വന്തം അഭിനയത്തെ എങ്ങനെ വിലയിരുത്തുന്നു?
ഒരു കഥാപാത്രത്തിനു വേണ്ടി മാത്രം രൂപപ്പെടുത്തിയെടുക്കുന്ന മെത്തേഡ് ആക്ടിംഗ് എനിക്കറിയല്ല. വളരെ സ്വാഭാവികമായി കഥാപാത്രമായി മാറാനാണ് എനിക്കിഷ്ടം. ലൊക്കേഷനിൽ വന്നു ഡയലോഗ് പഠിച്ചു എന്റേതായ രീതിയിൽ അഭിനയിക്കാറാണ് പതിവ്.