തിരുവനന്തപുരം: മഴ ദുരന്തത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 27 ആദിവാസികോളനികൾ ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടെന്ന് പട്ടികവർഗ വികസന വകുപ്പിന്റെ കണ്ടെത്തൽ. 19 കോളനികൾ തീർത്തും ഇല്ലാതായപ്പോൾ എട്ടെണ്ണം ഏതാണ്ട് തകർന്നു. ഈ കോളനികളിലെ 437 കുടുംബങ്ങളുടെ അതിജീവനത്തിന് ഭൂമി ദൗർലഭ്യം വെല്ലുവിളിയായി നിൽക്കെ, അടുത്തിടെ തുടങ്ങിയ ഭൂബാങ്കിനെ പൂർണമായി ആശ്രയിക്കാനൊരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്തെ 11 ജില്ലകളിലായി 578 ആദിവാസി കോളനികളെയും അവിടങ്ങളിലെ 10,684 ആദിവാസി കുടുംബങ്ങളെയും പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരിതബാധിതരാക്കിയെന്നാണ് വകുപ്പിന്റെ റിപ്പോർട്ട്. വയനാട്ടിൽ മാത്രം ഇത്തരത്തിൽ 338 കോളനികളും 3810 കുടുംബങ്ങളുമുണ്ട്. തുടക്കത്തിൽ ക്യാമ്പുകളിലേക്ക് മാറ്റിയ ഇവരിൽ പലരെയും തൽക്കാലം അതത് കോളനികളിൽ തന്നെ പുനരധിവസിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. തുടക്കത്തിൽ 128 ക്യാമ്പുകൾ വയനാട്ടിലുണ്ടായെങ്കിൽ ഇപ്പോൾ 9 ക്യാമ്പുകളിലായി 74 കുടുംബങ്ങളാണുള്ളത്. ഇവരുടെ പുനരധിവാസത്തിനാകും ഭൂബാങ്കിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഭൂമിയിൽ വാസയോഗ്യമായവ ഉപയോഗിക്കേണ്ടി വരിക. വയനാടിന് പുറമേ ആദിവാസികോളനികൾ തുടച്ചുനീക്കപ്പെട്ടത് പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ്. മുൻ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ആശിക്കും ഭൂമി പദ്ധതി ആരോപണമുയർന്നതിനെ തുടർന്ന് അവസാനിപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ ഇടത് സർക്കാർ ഭൂബാങ്ക് പദ്ധതി കൊണ്ടുവന്നത്. ഇതിലേക്ക് 14 ജില്ലകളിലുമായി 570 ഭൂവുടമകളിൽ നിന്ന് 1293.67 ഏക്കർ ഭൂമി സ്വരൂപിച്ചിട്ടുണ്ട്. വയനാട്ടിൽ മാത്രം 106 ഭൂവുടമകളിൽ നിന്നായി 229.85 ഏക്കർ ഭൂമി ലഭിച്ചെങ്കിലും പ്രളയാനന്തരമുള്ള സവിശേഷ സാഹചര്യത്തിൽ ഇതിലേതൊക്കെ ഭൂമിയിലേക്ക് കാടിന്റെ മക്കളെ മാറ്റിപ്പാർപ്പിക്കാമെന്നതിൽ വിശദമായ പഠനം വേണ്ടിവരുമെന്ന് വകുപ്പ് വൃത്തങ്ങൾ പറയുന്നു. കാടുമായുള്ള ബന്ധം മുറിച്ചെറിഞ്ഞ് പൂർണ്ണമായി മറ്റിടങ്ങളിലേക്ക് ആദിവാസികളെ പറിച്ചുനടുക പ്രയാസമാണെന്നതും വകുപ്പ് അധികൃതരെ കുഴയ്ക്കുന്നു.
ഭൂമിയുടെ ഘടന മാറി
തിരുനെല്ലി തൃശിലേരി പഞ്ചായത്തിലെ അടിയ, കുറുമ സമുദായങ്ങൾ വസിക്കുന്ന പ്ലാമൂല കോളനിയിൽ ഭൂമിയുടെ ഘടന മാറിപ്പോയെന്നാണ് കണ്ടെത്തൽ. പണിയക്കാർ വസിക്കുന്ന നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാമ്പാറ കോളനി തൂത്തെറിയപ്പെട്ടു. പുഴ ഗതി മാറിയൊഴുകിയ പണിമൂല കോളനിയുടെ സ്ഥിതിയും ഇതുതന്നെ. മുഡുഗർ വസിക്കുന്ന പാലക്കാട് നെല്ലിയാമ്പതി വാക്കോട് കോളനിയിലും കാട്ടുനായ്ക്കർ വസിക്കുന്ന കോട്ടേപ്പാടം കരടിയോട്, അമ്പലപ്പാറ, തോട്ടുകാട്, കാടർ വസിക്കുന്ന ചെറുനെല്ലി കോളനികളും ദുരന്തഭീഷണിയാൽ വാസയോഗ്യമല്ലാതായി. പഞ്ചാരക്കൊല്ലി (കുറിച്യർ), തച്ചറക്കൊല്ലി (കുറിച്യർ, കുറുമർ, അടിയർ), നിട്ടറ (അടിയർ, കുറിച്യർ), ആനമല (പണിയ) 50ഏക്കർഡാം (കാട്ടുനായ്ക്ക, പണിയ) എന്നിവയും വയനാട്ടിൽ തകർന്നവ.
പ്രത്യേക പാക്കേജിനായി ആദിവാസി, പരിസ്ഥിതി സംഘടനകൾ
പ്രളയം തകർത്തെറിഞ്ഞ ആദിവാസിജനതയും കുട്ടനാട്ടിലെയും മറ്റും മത്സ്യത്തൊഴിലാളികുടുംബങ്ങളുമടക്കമുള്ള പാർശ്വവത്കൃത സമൂഹത്തിന്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനായി ആദിവാസി ഗോത്രമഹാസഭയുടെ മുൻകൈയിൽ ആദിവാസി, പരിസ്ഥിതി സംഘടനകൾ. നവകേരളനിർമ്മിതിക്കായുള്ള പ്രചരണങ്ങളിൽ പാർശ്വവത്കൃത ജനത വിസ്മരിക്കപ്പെട്ട് പോകുന്നുവെന്നാണ് ഇവരുടെ ആവലാതി. വയനാട്ടിൽ മുത്തങ്ങ പാക്കേജിനൊപ്പം ഇല്ലാതാക്കപ്പെട്ട കോളനിവാസികളുടെ പുനരുജ്ജീവന പാക്കേജും വേണം. ഇതിനായി കൂട്ടായ്മ ശക്തിപ്പെടുത്താൻ 15, 16 തീയതികളിൽ കൊച്ചിയിൽ പരിസ്ഥിതി, ആദിവാസി, സന്നദ്ധ പ്രവർത്തകരുടെ കൺവെൻഷൻ ചേരുകയാണ്.