pc-george
കോട്ടയം: മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാത്ത തന്നെ മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കൺവെൻഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോർജ്.

കേരളത്തിൽ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടു പോകും. സ്ത്രീ സുരക്ഷാ നിയമം സ്ത്രീകൾക്ക് മാന്യത നൽകാൻ ഉണ്ടാക്കിയതാണ്. ദുർനടപ്പുകാരായ ചില സ്ത്രീകൾ ഇത് പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കാൻ ഉപയോഗിക്കുന്നു. ഇത്തരം കള്ളനാണയങ്ങൾക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ടീയ പാർട്ടികളോടും ജനപക്ഷം സീറ്റ് അഡ്ജസ്റ്റ്മെന്റ് നടത്തും. എന്നാൽ ഒരു മുന്നണിയുടെയും ഭാഗമാകാതെ മൂന്നു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോർജ് പറഞ്ഞു.