ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില അനിയന്ത്രിതമായി കുതിച്ചു കയറുന്നതിനിടെ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്. നികുതി കുറച്ചാൽ അത് വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 19.47 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാനങ്ങൾ അവരുടെ രീതി അനുസരിച്ചും എക്സൈസ് നികുതി ഈടാക്കുന്നുണ്ട്.
ഇന്ധന വില വർദ്ധന നിയന്ത്രിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് വിലവർദ്ധനയ്ക്ക് അടിസ്ഥാനമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. എണ്ണ ഉത്പാദക രാജ്യങ്ങൾ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെനിസ്വേലയിലെ സാമ്പത്തിക മാന്ദ്യവും ഇറാനു മേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയതും എണ്ണ വിലയിൽ പ്രതിഫലിക്കുന്നു. ഇതിലൊന്നും സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വില ഇന്നും കൂടി
അതേസമയം തുടർച്ചയായ 42ആം ദിവസവും ഇന്ധനവില കൂടി. ഇന്ന് വീണ്ടും 15 പൈസ വീതം വർദ്ധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.95 രൂപയായി. ഡീസലിന് 76.95 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് യഥാക്രമം 83.11, 77.15 എന്നിങ്ങനെയാണ് വില. മൂന്നാഴ്ച കൊണ്ടു പെട്രോളിനു 3.35 രൂപയും ഡീസലിന് 4.04 രൂപയുമാണു കൂടിയത്.