franco-mulackal
കോട്ടയം: ലൈംഗികാരോപണ വിധേയനായ ജലന്ധർ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പീഡനത്തിന് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്ത് നൽകി. തന്റെ ഇംഗിതകൾക്ക് വഴങ്ങാത്തതിനാലും കൂടെ ശയിക്കാൻ വിസമ്മതിച്ചതിനാലും  ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ കത്തിൽ ആരോപിച്ചു.

ബിഷപ്പ് തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. ഇക്കാര്യം മദർ‌ സുപ്പീരിയറിനോടോ അവരുടെ കൗൺസിലർമാരോട് പറയാൻ തനിക്ക് കഴിഞ്ഞില്ല. ബിഷപ്പിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തതിനാൽ തനിക്കെതിരെ നിരന്തരം അച്ചടക്ക നടപടി എടുക്കുന്ന കാര്യം സുപ്പീരിയറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ അവരാരും തന്നെ അത് ഗൗരവമായി എടുത്തില്ല. പരാതിപ്പെട്ടാൽ തനിക്ക് മുകളിലുള്ളവരുടെ സഹായത്തോടെ ബിഷപ്പ് തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20 സിസ്റ്റർമാരാണ് മഠത്തിലെ ജീവിതം ഉപേക്ഷിച്ചു പോയത്.

മിഷണറീസ് ഒഫ് ജീസസിലെ മറ്റു സിസ്റ്റർമാരുടെ മേലും കഴുകൻ കണ്ണുകളുമായി ബിഷപ്പ് പറന്നു നടക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും സിസ്റ്ററിനോട് ബിഷപ്പിന് ആകർഷണം തോന്നിയാൽ അവരുടെ ദൗർബല്യം മുതലെടുത്ത് കെണിയിൽ വീഴ്‌ത്തുന്നത് ബിഷപ്പിന്റെ സ്ഥിരം രീതിയായിരുന്നു,​ ബിഷപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സിസ്റ്റർ ഗുരുതരമായ തെറ്റ് വരുത്തുകയും അത് പിടിക്കപ്പെടുകയും ചെയ്തു. അവരെ പിന്നീട് മറ്റൊരു സംസ്ഥാനത്തേക്ക് ബിഷപ്പ് സ്ഥലംമാറ്റി. പിന്നീട് ബിഷപ്പ് ഫ്രാങ്കോ അവിടെ പ്രത്യേകം സന്ദർശിക്കുകയും  രാത്രി മുഴുവൻ തങ്ങുകയും ചെയ്തു. അന്ന് രാത്രി 12 മണി മുതൽ പിറ്റെദിവസം ഉച്ചയ്ക്ക് 12 മണിവരെ ബിഷപ്പ് അവിടെ തങ്ങി. ഇത് പലരുടേയും നെറ്റി ചുളിക്കുന്നതായിരുന്നു. സിസ്റ്ററിനോട് മാത്രം ബിഷപ്പിന് ഇത്ര സഹതാപം എന്താണെന്ന ചോദ്യമാണ് ഇതെന്നിൽ ഉയർത്തിയത്. മറ്റ് സിസ്റ്റർമാരുടെ പ്രശ്നത്തിൽ ഇടപെടാൻ ബിഷപ്പ് ശ്രമിക്കാതിരുന്നപ്പോഴാണ് ഈ സംഭവം. സിസ്റ്ററിനെതിരെ അച്ചടക്ക നടപടി എടുക്കുന്നത് തടയാനും നിരവധി തവണ ബിഷപ്പ് ശ്രമിച്ചു. ഏത് സമയത്തും തനിക്ക്  ബന്ധപ്പെടാവുന്ന തരത്തിലുള്ള നിയമനമാണ് സിസ്റ്ററിന് നൽകിയിരുന്നത്. സമാനമായ അനുഭവങ്ങൾ ജലന്ധർ രൂപതയിലെ സിസ്റ്റർമാർക്കും ഉണ്ടായിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന ലഭിക്കുന്നത്. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും  ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാൽ കന്യാസ്ത്രീകൾക്ക് സഭ രണ്ടാനമ്മയാണെന്ന്  അനുഭവം തെളിയിച്ചെന്നും കത്തിൽ പറയുന്നു. സഭ സംരക്ഷണം നൽകുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകൾക്ക് നീതി നൽകുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. തനിക്ക് ദുരനുഭവം ഉണ്ടായതിന് പിന്നാലെ ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. പരാതി നൽകിയ ശേഷവും തനിക്ക് ബിഷപ്പിൽ നിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കത്തയയ്ക്കുന്നത്. അഞ്ച് മാസമായിട്ടും നടപടിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു പരാതി നൽകിയ കാര്യവും കത്തിൽ ആവർത്തിക്കുന്നുണ്ട്.