തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വേണം ഭാവി വികസനപരിപാടികൾ ആസൂത്രണം ചെയ്യാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായുള്ള വികസന സങ്കല്പത്തെ കുറിച്ചാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്നത്. മൂലധനത്തിന് മാത്രമല്ല, പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കുമെല്ലാം തുല്യപ്രാധാന്യം വേണം. തിരുത്താനുള്ളത് തിരുത്തി മുന്നോട്ട് പോവുക എന്നതാണ് കേരളവികസന കാര്യത്തിൽ പ്രധാനം. എത്ര നില കെട്ടിടവും എവിടെയും ആർക്കും പണിയാമെന്ന നില പാടില്ല. പുഴയോരത്ത് തന്നെ താമസിക്കണമെന്ന നിർബന്ധവും പാടില്ല. വിവിധ മേഖലകളിലുണ്ടായ പല തരത്തിലുള്ള നഷ്ടങ്ങൾ കണക്കിലെടുത്ത് രാഷ്ട്രത്തിന്റെ നഷ്ടമായി കണ്ടുള്ള പാക്കേജ് കേന്ദ്രം അനുവദിക്കണം. ഇതിലേക്ക് സമഗ്രമായ പദ്ധതിനിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കാൻ കേരളത്തിനാവണം. ഇപ്പോഴുള്ള മാനദണ്ഡമനുസരിച്ച് മാത്രം ധനസഹായം കേന്ദ്രം തന്നാൽ അത് പരിമിതമാവും.
ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ദുരന്തത്തിൽ നിന്ന് അനേകം ജീവനുകളെ രക്ഷിക്കാൻ നമുക്കായത്. എന്നാൽ ക്രമേണ അത് നഷ്ടപ്പെട്ട് വരികയാണെന്ന തോന്നലുണ്ടാവുന്നുണ്ട്. നിസ്സാര കാര്യങ്ങളുടെ പേരിലുള്ള ഈഗോ മാറ്റിവച്ച് പുനർനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാവണം. നിയമസഭയിൽ മൂന്ന് ഇടത് എം.എൽ.എമാർ പരിസ്ഥിതിപ്രശ്നം ഉൾക്കൊള്ളാതെ അഭിപ്രായം പറഞ്ഞത് ഇടതുപക്ഷത്തിന്റെയോ സി.പി.എമ്മിന്റെയോ അഭിപ്രായമല്ല. പൊതുവിൽ സി.പി.എമ്മിന്റെ നയം അതാണെന്ന് കരുതുന്നില്ല. അവരുടെ അറിവ് - കുറവിനെപ്പറ്റി പ്രസംഗം കേട്ടവർക്ക് ധാരണയുണ്ടായിട്ടുണ്ടാകും. മാധവ് ഗാഡ്ഗിലിന്റെ നിരീക്ഷണം തെറ്റെന്ന് പറഞ്ഞിട്ടില്ല. കൃഷിക്കാരുടെ പ്രശ്നങ്ങളെ നേരിടുമ്പോൾ അവരെ പ്രതികൂലമായി ബാധിക്കുന്ന നിഗമനങ്ങളുണ്ടാകരുതെന്നേയുള്ളൂ. ജനവാസമേഖലകളിൽ നിയന്ത്രണം വരുന്നതിൽ കുറവുണ്ടാവണം. റവന്യു സെക്രട്ടറി നടത്തിയ പരസ്യവിമർശനത്തിനെതിരെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാർതലത്തിൽ അത് രമ്യമായി പരിഹരിക്കും. റവന്യുസെക്രട്ടറിക്കെതിരെ സി.പി.ഐ ഒരു വിഷയത്തിലും പരാതി ഉന്നയിച്ചിട്ടില്ല. ഉദ്യോഗസ്ഥൻ പക്ഷേ സർക്കാർനയം നടപ്പാക്കാൻ ബാദ്ധ്യസ്ഥനാണ്. വികസനപരിപ്രേക്ഷ്യം ചർച്ച ചെയ്യാൻ ഒക്ടോബറിൽ സി.പി.ഐ നടത്തുന്ന ശില്പശാലയിൽ അസൗകര്യം കാരണം ഗാഡ്ഗിൽ പങ്കെടുക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രബന്ധമുണ്ടാകും. പുനർനിർമ്മാണത്തിൽ കെ.പി.എം.ജിയെ കൺസൾട്ടന്റായി നിയമിച്ചത് എൽ.ഡി.എഫിന്റെ തീരുമാനമല്ല. മന്ത്രിസഭയുടേതാണ്. സൗജന്യസേവനം സ്വീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്ന് മാത്രം. അവർ പറയുന്നത് മാത്രമേ നടപ്പാക്കൂ എന്നില്ല.
കന്യാസ്ത്രീ പീഡനക്കേസിൽ പൊലീസന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. കന്യാസ്ത്രീയുടെ സഹോദരൻ തന്നെ വന്ന് കണ്ടപ്പോൾ അന്വേഷണത്തിൽ പൂർണസംതൃപ്തി അറിയിച്ചു. നീതിക്കായുള്ള സമരത്തിൽ നീതി ആഗ്രഹിക്കുന്നവരെല്ലാം ഒപ്പമുണ്ടാകുമെന്നും കന്യാസ്ത്രീ സമരത്തെക്കുറിച്ച് കാനം പറഞ്ഞു.