nuns
ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ജലന്ധർ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്‌മ ചെയ്യാനുളള ശ്രമമാണ് ഇതിന് പിന്നിലെന്നും ജലന്ധർ രൂപത പുറത്തിറക്കിയ നാല് പേജുള്ള പ്രസ്താവനയിൽ പറയുന്നു. ബിഷപ്പിനെതിരായുള്ളത് ആരോപണം മാത്രമാണ്. എന്നാൽ,​ ബിഷപ്പ് കുറ്റക്കാരനാണെന്ന് ഉറപ്പിച്ചുള്ള മാദ്ധ്യമ വിചാരണയാണ് നടക്കുന്നത്. ഇതിൽ മിതത്വം വേണം. ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ  മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും രൂപത  ആരോപിച്ചു.  

ആദ്യം പീഡനം നടന്നുവെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം കുറവിലങ്ങാട്ടെ മഠത്തിലല്ല താമസിച്ചത്. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിക്കുകയും ചെയ്തു. തലേദിവസം ബിഷപ്പ് പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ  കഴിയുമോയെന്നും രൂപത ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അവർ അകന്നതെന്നും പ്രസ്താവനയിലുണ്ട്.

സമരത്തോട് സഹകരിക്കരുതെന്ന് സിസ്‌റ്റർമാർക്ക് നിർദ്ദേശം
അതിനിടെ ജലന്ധർ ബിഷപ്പിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് കോൺഗ്രഗേഷൻ ഒഫ് മദർ ഒഫ് കാർമൽ (സി.എം.സി) സിസ്റ്റർമാർക്ക് നിർദേശം നൽകി. സി.എം.സി സുപ്പീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായാണ് സർക്കുലർ പുറത്തിറക്കിയത്. പ്രതിഷേധ ധർണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങൾ പാടില്ലെന്നും നിർദേശമുണ്ട്.