ജലന്ധർ: തനിക്കെതിരെ കന്യാസ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. എന്നാൽ, സഹപ്രവർത്തകർ നിർദ്ദേശിച്ചത് അനുസരിച്ചാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയുടെ ആരോപണം ഉയർന്നപ്പോൾ തന്നെ രാജിയെ കുറിച്ച് ആലോചിച്ചതാണ്. എന്നാൽ, ഇപ്പോൾ രാജിവച്ചാൽ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാർ ഉപദേശിച്ചു. അവരുടെ വാക്കുകൾക്ക് വില കൽപിച്ചാണ് രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയത് - ബിഷപ്പ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
സഭയെ എതിർക്കുന്നവരാണ് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്നിൽ. മിഷണറീസ് ഒഫ് ജീസസ് സിസ്റ്റേഴ്സിൽ കന്യാസ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നത്. തന്നെ അറസ്‌റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്ന് അവസാന അഭയമെന്ന നിലയിൽ സമ്മർദ്ദ തന്ത്രവുമായി കന്യാസ്ത്രീകൾ ഇറങ്ങിയിരിക്കുകയാണ്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകൾ കേരളത്തിൽ താമസിക്കുന്നത് സഭയുടെ മുൻകൂർ അനുമതി വാങ്ങാതെയാണ്. സമരം സഭയുടേയും തന്റേയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപിച്ചു. ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. മാദ്ധ്യമങ്ങൾ താൻ കുറ്റക്കാരനാണെന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. പൊലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.