ചില ചിത്രങ്ങളിൽ താരത്തിനേക്കാൾ പ്രാധാന്യം സംവിധായകന് ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരുക്കിയിട്ടുള്ള എല്ലാ ചിത്രങ്ങളിലും തന്റെ കൈയൊപ്പ് ചാർത്താൻ കഴിഞ്ഞിട്ടുള്ള സംവിധായകനാണ് ലാൽജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഒരു മറവത്തൂർ കനവ്' എന്ന ആദ്യ ചിത്രം മുതൽ കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ അതിന്റെ ചേരുംപടി ചേർത്ത് തിയേറ്ററിലെത്തിക്കാൻ ലാൽജോസിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ തന്റെ ഉള്ളിലെ കഥാകാരനെ വളർത്തിയതിൽ ആർ.എസ്.എസിനും പങ്കുണ്ടെന്ന് പറയുകയാണ് ലാൽജോസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ അനുഭവം ലാൽജോസ് വെളിപ്പെടുത്തിയത്.
'എൻ.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്‌ചകളിൽ സഹപാഠികൾ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ നല്ല കഥകൾ അവിടെ കേൾക്കാറുണ്ടെന്ന് കൂട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് ഞാനും ശാഖയിലേക്ക് പോകാൻ തീരുമാനിച്ചത്. കഥകൾ കേൾക്കാൻ അന്നേ ഇഷ്‌ടമുണ്ടായിരുന്നതിനാൽ ഒന്ന് രണ്ട് വർഷം അങ്ങനെ ശാഖയിൽ പോയിട്ടുണ്ട്' -ലാൽജോസ് വ്യക്തമാക്കി.