thomas-isaac

രാജ്യത്തെ ചുട്ട്‌പൊള്ളിക്കുന്ന ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപ കുറച്ചാൽ കേന്ദ്രസർക്കാരിന് വരുമാനം 30,000 കോടി കുറയുമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തുന്നു. ഇത്രയും കാലം കൊണ്ട് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് നികുതി വർദ്ധനയിലൂടെ കേന്ദ്രം ഊറ്റിയെടുത്തത്. ഈ വിലവർദ്ധനവിനെ കക്കൂസ് തിയറിയിലൂടെ ന്യായീകരിക്കാനാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുതലുള്ളവർ ശ്രമിച്ചത്. എന്നാൽ ഈ പണം കൊണ്ട് എത്ര കക്കൂസുകൾ കെട്ടിക്കൊടുത്തുവെന്ന് തോമസ് ഐസക് ചോദിക്കുന്നു.

എണ്ണവിലവർദ്ധനയുടെ മറവിൽ ജനങ്ങളിൽ നിന്ന് ഊറ്റിപ്പിഴിയുന്ന പണം യഥാർത്ഥത്തിൽ രാജ്യത്തെ വികസനപ്രവർത്തനങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നും കോടീശ്വരൻമാർ ബാങ്കുകളിൽ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താനാണ് എന്നും അദ്ദേഹം സമർത്ഥിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലിറ്ററിന് രണ്ടു രൂപ കുറച്ചാൽ കേന്ദ്രസർക്കാരിന് വരുമാനം 30,000 കോടി കുറയുമത്രേ. എണ്ണവില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണമാണ്. അപ്പോൾ 10 രൂപ വർദ്ധനയിലൂടെ കേന്ദ്രം ഊറ്റിപ്പിഴിഞ്ഞ കോടികളെത്ര? ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ.

എണ്ണവില കുതിച്ചുയരുമ്പോൾ പ്രത്യാഘാതങ്ങൾ പലതാണ്. വ്യവസായങ്ങളുടെ പ്രവർത്തനച്ചെലവ് ഉയരും. വിലക്കയറ്റം നിയന്ത്രണാതീതമാകും. സാധാരണക്കാരന്റെ ജീവിതഭാരം താങ്ങാനാവാത്തവിധം ഉയരും. ഇങ്ങനെ നിത്യജീവിതത്തിൽ പ്രതിഫലിക്കുന്ന ധാരാളം പ്രശ്നങ്ങളാണ് ക്രമാതീതമായ ഈ വിലവർദ്ധന ഉണ്ടാക്കിവെയ്ക്കുന്നത്.

ഈ വില വർദ്ധനയ്ക്ക് എന്തെങ്കിലും ന്യായമുണ്ടോ? കുറച്ചു കാലം മുമ്പുവരെ കക്കൂസ് തിയറിയാണ് പ്രചരിച്ചിരുന്നത്. നമ്മുടെ അൽഫോൺസ് കണ്ണന്താനം വരെ ആ സിദ്ധാന്തത്തിന്റെ പ്രചാരകരായിരുന്നു. എന്നിട്ടോ. ജനങ്ങളിൽ നിന്ന് ഊറ്റിപ്പിഴിഞ്ഞ ഒന്നരലക്ഷം കോടി കൊണ്ട് ഇന്ത്യയിൽ എന്തു വികസനപ്രവർത്തനങ്ങളാണ് നടത്തിയത്? ഈ പണം കൊണ്ട് എത്ര കക്കൂസുകൾ കെട്ടിക്കൊടുത്തു?

എണ്ണവിലവർദ്ധനയുടെ മറവിൽ ജനങ്ങളിൽ നിന്ന് ഊറ്റിപ്പിഴിയുന്ന പണം എവിടേയ്ക്കാണ് പോകുന്നത്? വികസനപ്രവർത്തനങ്ങൾക്കല്ലെന്ന് ഉറപ്പ്. അങ്ങനെയാണെങ്കിൽ നമ്മുടെ കൺവെട്ടത്ത് കാണണം. ഉത്തരേന്ത്യ തന്നെ ഉദാഹരണമായി എടുക്കൂ. ആശുപത്രികളിൽ മെച്ചപ്പെട്ട സൌകര്യങ്ങൾ ഉണ്ടാക്കുന്നതിനോ വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിനോ സമാനമായ സൌകര്യങ്ങൾ ഏറ്റവും പാവപ്പെട്ടവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നതിൽ എത്രകണ്ട് കേന്ദ്രസർക്കാരിന്റെ ചെലവ് വർദ്ധിച്ചിട്ടുണ്ട്? ഒന്നും സംഭവിച്ചിട്ടില്ല.

പിന്നെങ്ങോട്ടാണ് ഈ പണം ഒഴുകുന്നത്? നിസംശയം പറയാം, ബാങ്കുകളുടെ കിട്ടാക്കടം നികത്താനാണ്. അതായത്, കാട്ടുകള്ളൻമാർ ബാങ്കുകളിൽ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താൻ സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും കുത്തിക്കവരുന്നു. ഇതാണ് ബിജെപിയുടെ തനിസ്വഭാവം.