കോഴിക്കോട്: പീഡനാരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പുരോഹിതൻമാരെ നിയമിക്കുന്നത് പി.എസ്.സി വഴിയായിരിക്കണമെന്ന് ജോയ് മാത്യു പറഞ്ഞു. പണ്ട് പല പുരോഹിതരും ദൈവവിളിയുടെ അടിസ്ഥാനത്തിലാണ് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.
'പുരോഹിതരേക്കാൾ സുരക്ഷിതത്വം കുറഞ്ഞവരാണ് കന്യാസ്ത്രീകൾ. സഭയിൽ നിന്ന് പുറത്താക്കിയാൽപ്പോലും അവർക്ക് പോകാനിടമില്ല. സാധാരണഗതിയിൽ പ്രതിപക്ഷം ഏറ്റെടുക്കേണ്ട ഒരു കേസായിരുന്നു ഇത്. എന്നാൽ അവർ പോലും മൗനം പാലിക്കുകയാണ്' ജോയ് മാത്യു പറഞ്ഞു.
അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് പിന്തുണയുമായി നടൻ ജോയ് മാത്യൂവിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് മാനാഞ്ചിറ മൈതാനിയിലെ എസ്.കെ പൊറ്റക്കാട് പ്രതിമയ്‌ക്ക് സമീപം പ്രതിഷേധ സംഗമം നടത്തും. ഭരണകൂടത്തിന്റെ നിശബ്ദതയ്‌ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.